കൊച്ചി: അശ്രദ്ധയും അമിതവേഗവും കാരണം നിരത്തുകളില് പൊലിയുന്ന ജീവനുകളുടെ എണ്ണം കൂടുന്നു. ജില്ലയിൽ പത്തുമാസത്തിനിടെ 5,278 അപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് 367 പേർക്കാണ്.
6,436 പേർക്കാണ് പരിക്കേറ്റത്. ചെറിയ അശ്രദ്ധപോലും ജീവൻ അപഹരിച്ച കാഴ്ചയാണ് റോഡപകടങ്ങളുടെ കാര്യത്തിൽ കാണുന്നത്. എറണാകുളം സിറ്റിയിൽ മാത്രം 125 പേർ ആറു മാസക്കാലയളവിൽ മരണപ്പെട്ടു. എറണാകുളം റൂറലിൽ 242 പേരാണ് മരിച്ചത്. 990 പേർക്ക് ഗുരുതര പരിക്കേറ്റു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് അപകടങ്ങളിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയാണ് മിക്ക അപകടങ്ങളുടെയും പ്രധാന കാരണം.
മദ്യപിച്ചും ഉറക്കമൊഴിച്ചും ഡ്രൈവിങ്, രാത്രിയിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തത്, വാഹനം ഓടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, മത്സരയോട്ടം എന്നിവയെല്ലാം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു. ഇരുചക്ര വാഹനയാത്രികർക്കാണ് പലപ്പോഴും അപകടങ്ങളിൽ ഗുരുതര പരിക്കേൽക്കാറുള്ളത്.
ഇതെന്തൊരു പാച്ചിലാണ്…
എറണാകുളത്തുനിന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ യാത്രക്കാരിൽ ഭീതിപടർത്തുന്നു. റോഡിലെ തിരക്ക് കണക്കിലെടുക്കാതെയുള്ള പാച്ചിൽ പലപ്പോഴും അപകടങ്ങളിലാണ് കലാശിക്കുന്നത്. നഗരവീഥികൾ നിറഞ്ഞോടുന്ന സ്വകാര്യബസുകൾ പലപ്പോഴും കാൽനടക്കാർക്കും ഇതര വാഹനക്കാർക്കും ഭീഷണിയാകാറുണ്ട്. ബസുകൾ പലപ്പോഴും ബസ് ബേകളിലല്ല നിർത്തുന്നത്. ഇതുമൂലം ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാകുന്നതും സാധാരണം. ഫോർട്ട്കൊച്ചി, വൈപ്പിൻ, ആലുവ, വൈറ്റില, ചിറ്റൂർ, കാക്കനാട് എന്നിവിടങ്ങളിലേക്കടക്കം സർവിസ് നടത്തുന്ന ബസുകളുടെ അമിതവേഗം പലപ്പോഴും ഭീതി സൃഷ്ടിക്കുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. റോഡുകളിൽ ജീവൻ പൊലിയുന്നവരുടെ കണക്കും പെരുകുകയാണ്.
അപകടമുണ്ടാകുമ്പോൾ വഴിപാട് പരിശോധനയിൽ നടപടികൾ ഒതുങ്ങും. റോഡിലിറങ്ങിനിൽക്കുന്ന പൊലീസ് ഇരുചക്ര വാഹനക്കാരുടെ പിന്നാലെയാണ്. ചെറിയ കാര്യങ്ങൾ പറഞ്ഞ് പെറ്റിയടിച്ച് മടങ്ങുകയാണവർ. ബസുകളിൽ കാര്യമായ പരിശോധനയില്ല. പലയിടങ്ങളിലും ഫുട്പാത്തുകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ കാൽനടക്കാർക്ക് ഫുട്പാത്തിലൂടെ നടക്കാൻ സാധിക്കുന്നില്ല. നടുറോഡിൽ തോന്നിയ സ്ഥലത്ത് നിർത്തുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
ഇരുചക്ര വാഹനങ്ങളെങ്ങാനും മുന്നിൽപെട്ടാൽ കാതടിപ്പിക്കുന്ന തരത്തിലുള്ള ഹോണാണ് മുഴക്കുന്നത്. രാത്രികാലങ്ങളിൽപോലും മത്സരിച്ചോടുന്ന ബസുകൾക്ക് വഴിമാറിയില്ലെങ്കിൽ ജീവഹാനി ഉറപ്പാണ്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ബസുകളുടെ മരണപ്പാച്ചിൽ. അതിനാൽ സമയക്രമത്തെക്കുറിച്ചുള്ള വാക്കേറ്റവും പതിവാണ്. വേഗത്തിലെത്തി കൂടുതൽ യാത്രക്കാരെ കയറ്റിപ്പോകുക എന്നതാണ് ബസുകളുടെ രീതി. റോഡിൽ ശരിയായ പരിശോധനക്ക് ട്രാഫിക് പൊലീസോ മോട്ടോർവാഹന വകുപ്പോ മെനക്കെടാറില്ലെന്നും ആക്ഷേപമുണ്ട്.