കിഴക്കമ്പലം: ചെമ്പറക്കി നടക്കാവ്, പുക്കാട്ടുപടി, പെരുമ്പാവൂർ മിനിക്കവല ഭാഗങ്ങളിൽ നിർമാണം നടക്കുന്ന വീടുകളിൽ മോഷണം വ്യാപകമാവുന്നു. വയറുകളാണ് മോഷണം പോകുന്നത്. വയറുകൾ പെപ്പിൽ നിന്ന് വലിച്ചൂരി എടുക്കുകയും വെൽഡിങ് സെറ്റുകളുടെ കേബിളുകൾ കട്ട് ചെയ്ത് എടുക്കുകയും ചെയ്യുന്നത് വ്യാപാമാണ്.
കഴിഞ്ഞ ആഴ്ച നടക്കാവ് അരിബശ്ശേരി അജ്മലിന്റെ നിർമാണം നടക്കുന്ന വീട്ടിൽ നിന്ന് മോഷണം പോയിരുന്നു. അന്ന് തന്നെ മിനിക്കവലയിലെ അബ്ദുൽ ജബ്ബാറിന്റെ നിർമാണം നടക്കുന്ന വീട്ടിൽ നിന്നും വയറുകൾ മോഷണം പോയി. നടക്കാവ് നജീബ്, എത്തിയിൽ മുനീർ, നടക്കുഴി മുഹമ്മദ്, മൈജോ ജോർജ് എന്നിവരുടെ വീടുകളിലും മോഷണം നടന്നു. എത്തിയിൽ അബദു നാസറിന്റെ ഹോളോ ബ്ലോക്ക് യൂനിറ്റിലെ വെൽഡിങ് കേബിളും മോഷണം പോയി.
പകൽ നിർമാണം നടക്കുന്ന വീടുകൾ കണ്ടെത്തി രാത്രിയിലെത്തി മോഷണം നടത്തുകയാണന്നാണ് സംശയം. നിർമാണം നടക്കുന്ന വീടുകളായതിനാൽ രാത്രി ആരും ഉണ്ടാകുകയില്ല. പരിസരവാസികളും ശ്രദ്ധിക്കില്ല. ഇതാണ് മോഷ്ടാക്കൾ മുതലെടുക്കുന്നത്.
താൽക്കാലികമായി ഉണ്ടാക്കിയ വാതിലുകൾ ഉണ്ടെങ്കിൽ തന്നെ കുത്തി പൊളിക്കൽഇ മോഷ്ടാക്കൾക്ക് എളുപ്പവുമാണ്. സംഭവം വ്യാപകമായതോടെ പെരുമ്പാവൂർ, തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനുകളിൽ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.