കാക്കനാട്: മുംബൈ പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ച് തമിഴ്നാട് സ്വദേശിയിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തവരെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ പുത്തൻപുരക്കൽ പി.എസ്. അമീർ (24), കുണ്ടാനിയിൽ മുഹമ്മദ് നിഷാം (20), കരുഞ്ഞാട്ടെകയിൽ മുഹമ്മദ് അജ്മൽ (22), മമ്മാശ്രയില്ലത്ത് ഹസ്നുൽ മിജ്വാദ് (24) എന്നിവരാണ് പിടിയിലായത്.
കാക്കനാട് ഇടച്ചിറയിലെ ഫ്ലാറ്റിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ഹെൻറി ജെസ്സസ്സിന്റെ (37) ഫോണിലേക്ക് മുംബൈ പൊലീസിൽനിന്നാണ് വിളിക്കുന്നതെന്നുപറഞ്ഞ് അക്കൗണ്ടിൽനിന്ന് 2,64,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരന്റെ ഫോണിൽനിന്ന് നിയമവിരുദ്ധമായ മെസേജുകൾ അയച്ചിട്ടുണ്ടെന്നും അത് പരിശോധിക്കാൻ എല്ലാ അക്കൗണ്ടുകളിലെയും പണം ആർ.ബി.ഐക്ക് ഹാജരാക്കണമെന്നും പിന്നീട് പണം തിരികെ നൽകാമെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. കേരളത്തിൽ ഇവർ രണ്ടുകോടി രൂപയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതി നൗഷാദിനായി തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.