ആലുവ: അടഞ്ഞുകിടക്കുന്ന വീടുകളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തുന്ന സംഘം പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ രാകേഷ് മണ്ഡൽ (28), ബിബിലു (26), അസം സ്വദേശികളായ രാഹുൽ (35), സെയ്ദുൽ (18), അബ്ദുൽ സുബഹാൻ (38) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലുവ കാരോത്തുകുഴി ഭാഗത്തെ ആൾത്താമസമില്ലാത്ത വീട്ടിലും ശാസ്ത അമ്പലത്തിലും, പുളിഞ്ചുവട് മൈനൂട്ട്കാവ് ക്ഷേത്രത്തിലും മോഷണം നടത്തിയത് ഇവരാണ്. ക്ഷേത്രത്തിലേയും വീട്ടിലേയും വിളക്കും ഓട്ടുപാത്രങ്ങളുമാണ് സംഘം മോഷ്ടിച്ചത്.
മൈനൂട്ട്കാവ് ക്ഷേത്രത്തിൽ ബുധനാഴ്ച പുലർച്ചയാണ് മോഷണം നടന്നത്. ഇവിടത്തെ മൂന്നു ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന മോഷ്ടാക്കൾ ഒമ്പത് വിളക്കുകൾ കവർന്നു. കുറച്ചുദിവസം മുമ്പാണ് ശാസ്ത അമ്പലത്തിൽ മോഷണം നടത്തിയത്.
സംഘാംഗങ്ങൾ സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ല. കൃത്യമായ മേൽവിലാസവും ഇല്ല. അബ്ദുൽ സുബഹാൻ മോഷണക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർ പി.എം. സലിം, അസി. സബ് ഇൻസ്പെക്ടർമാരായ സുരേഷ്കുമാർ, കെ.കെ. സുരേഷ്, സി.പി.ഒമാരായ മാഹിൻഷ അബൂബക്കർ, കെ.എം. മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.