കൊച്ചി: ഫോർട്ട്കൊച്ചിയിൽ ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച കേസിൽ ആസ്ട്രേലിയയിൽ നിന്നുള്ള ജൂത വനിതക്കെതിരായ കേസ് ഹൈകോടതി സ്റ്റേ ചെയ്തു. മട്ടാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ സാറ ഷെലൻസ്കി മിഷേലിൽ നൽകിയ ഹരജിയിലാണ് തുടർ നടപടി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.
കഴിഞ്ഞ ഏപ്രിലിൽ ഫോർട്ട്കൊച്ചി സന്ദർശിക്കാനെത്തിയ യുവതി ഫലസ്തീൻ അനുകൂല ബോർഡുകൾ കീറി നശിപ്പിക്കുകയായിരുന്നു. എസ്.ഐ.ഒ പ്രവർത്തകർ നൽകിയ പരാതിയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.
അറസ്റ്റിലായെങ്കിലും ഡൽഹി ഹൈകോടതിയുടെ അനുമതിയോടെ നാട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് കേസ് റദ്ദാക്കാൻ ഹരജി നൽകിയത്.