അങ്കമാലി: അയൽവാസിയായ യുവാവിനെ പട്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ 75കാരൻ അറസ്റ്റിൽ. അങ്കമാലി പുളിയനം പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മൂലൻ വീട്ടിൽ മത്തായിക്കുഞ്ഞിനെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. മത്തായിക്കുഞ്ഞിന്റെ വീടിന് സമീപം താമസിക്കുന്ന വിനീഷിനെയാണ് ആക്രമിച്ചത്.
12ന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിൽ നേരത്തെ മുതൽ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. തിങ്കളാഴ്ച വാക്തർക്കം രൂക്ഷമായതോടെയാണ് വിനീഷിനെ ക്രൂരമായി മർദ്ദിച്ചതത്രെ. തലയോട്ടി പൊട്ടുകയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ വിനീഷിനെ വിവിധ ആശുപത്രികളിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇൻസ്പെക്ടർ ആർ.വി അരുൺകുമാർ, എസ്.ഐമാരായ കെ. പ്രദീപ്കുമാർ, എം.എസ്. ബിജീഷ്, വിജു, പി.ഒ റെജി, സീനിയർ സി.പി.ഒ മാരായ അജിത തിലകൻ, പി.വി വിജീഷ്, ബിന്ദു രാജ്, എബി സുരേന്ദ്രൻ, ജെയ്ജോ ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.