ആലുവ: അപരിചിത നമ്പറുകളിൽനിന്ന് വരുന്ന വിഡിയോ-ഓഡിയോ കാളുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ സമ്പാദ്യം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്. +92ൽ തുടങ്ങുന്ന നമ്പറുകളിൽനിന്നാണ് മിക്കവാറും വിളിവരുന്നത്. ഡി.പി ഇട്ടിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന തരത്തിൽ യൂനിഫോം ധരിച്ച ഒരാളുടേതായിരിക്കും. പരമാവധി അസ്വസ്ഥതയും ടെൻഷനുമുണ്ടാക്കി പണം കൈപ്പറ്റുകയാണ് ലക്ഷ്യം.
എം.ബി.ബി.എസിന് പഠിക്കുന്ന പെൺകുട്ടിയുടെ പിതാവിനെ അന്വേഷണ സംഘമാണെന്ന് പറഞ്ഞാണ് കാൾ വന്നത്. മയക്കുമരുന്ന് പിടികൂടിയെന്നും മകൾക്ക് സംഘവുമായി ബന്ധമുണ്ടെന്നും പറഞ്ഞു. മകൾക്ക് ഫോൺ കൈമാറാമെന്ന് പറഞ്ഞ് വേറൊരാൾക്ക് കൊടുക്കും. ഫോണിൽ പെൺകുട്ടിയുടേതെന്ന് തോന്നിപ്പിക്കുന്ന കരച്ചിൽ ശബ്ദം മാത്രം. നിയമപരമായ നടപടി തുടങ്ങിയിട്ടില്ലെന്നും വലിയൊരു തുക തന്നാൽ പെൺകുട്ടിയെ ഒഴിവാക്കാമെന്നും സംഘം പറയും.
മറ്റൊന്നും ആലോചിക്കാതെ സംഘം പറയുന്ന പണം നൽകുകയാണ് ചെയ്യുന്നത്. പിന്നീട് മകളെ വിളിക്കുമ്പോഴാണ് തട്ടിപ്പായിരുന്നു എന്ന് ബോധ്യമാകുന്നത്. നിങ്ങളുടെ പേരിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. അതിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്, സിം എടുത്ത് രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്, കൊറിയറിൽ മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട് .വിളിക്കാനുള്ള കാരണങ്ങൾ ഇങ്ങനെ നിരവധിയാണ്. പലരും ഭയം കൊണ്ട് അവർ പറയുന്ന പല അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിക്കും. ഒരു നിയമസംവിധാനവും കേസുമായി ബന്ധപ്പെട്ട് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടില്ലെന്നും വിഡിയോ കാൾ വഴി അറസ്റ്റ് ചെയ്യില്ലെന്നും റൂറൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. ഇത്തരം വിളികൾ വരുമ്പോൾ ജാഗ്രത പാലിക്കണമെന്നും എസ്.പി പറഞ്ഞു.