കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡിൽ സ്കൂട്ടർ യാത്രികനെ കാട്ടാന ആക്രമിച്ചു. സ്കൂട്ടർ യാത്രികൻ റിട്ട. അസി. വില്ലേജ് ഓഫിസർ കുട്ടമ്പുഴ അട്ടിക്കളം കപ്പിലാംമൂട്ടിൽ കെ.ഡി. സജിക്ക് (56) ആണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. എസ് വളവിനും മാവിൻചുവടിനും ഇടയിൽ വെള്ളിയാഴ്ച രാവിലെ മറ്റൊരു ബൈക്കിന് നേരെ ആന പാഞ്ഞടുത്തെങ്കിലും യാത്രക്കാരായ യുവാക്കൾ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
പുന്നേക്കാട് ഭാഗത്തേക്ക് പോകുമ്പോൾ റോഡിന്റെ ഇടതുവശത്തുനിന്ന് കൊമ്പൻ പാഞ്ഞടുക്കുകയായിരുന്നു. സ്കൂട്ടർ തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന തുമ്പിക്കൈ കൊണ്ട് അടിച്ചു.
സ്കൂട്ടറിൽനിന്ന് തെറിച്ച് വീണ സജിയെ ആന ചവിട്ടാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറി രക്ഷപ്പെട്ടു. പിന്നാലെ വന്ന സ്കൂൾ ബസിൽ കയറ്റി പുന്നേക്കാട് എത്തിച്ച് ഓട്ടോയിൽ കോതമംഗലം ധർമഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിന് സാരമായി മുറിവേറ്റിട്ടുണ്ട്. സ്കൂട്ടറിന് കേടുപാട് സംഭവിച്ചു. സജിയെ ആക്രമിക്കുന്നതിന് മുമ്പാണ് ബൈക്ക് യാത്രികർക്ക് നേരെ ആന പാഞ്ഞടുത്തത്. ഓടിമാറിയ ഇവർ ആന സ്ഥലത്ത്നിന്ന് മാറിയ ശേഷമാണ് ബൈക്കെടുക്കാനായത്.
പരിക്കേറ്റയാളെ എം.എൽ.എ സന്ദർശിച്ചു
കോതമംഗലം: കീരമ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കപ്പിലാമൂട്ടിൽ കെ.ഡി. സജിയെ ധർമ്മഗിരി ആശുപത്രിയിൽ എത്തി ആന്റണി ജോൺ എം.എൽ.എയും ഡി.എഫ്.ഒ പി.യു. സാജുവും സന്ദർശിച്ചു. രാവിലെ കളപ്പാറ വഴി യാത്രചെയ്യവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ചികിത്സ ചിലവുകൾക്കുൾപ്പെടെ മറ്റ് ആവശ്യങ്ങൾക്കുമായി അടിയന്തര ധന സഹായം ലഭ്യമാക്കാൻ ഡി.എഫ്.ഒക്ക് എം.എൽ.എ നിർദേശം നൽകി.
വനം വകുപ്പിന്റെ അനാസ്ഥയെന്ന് യു.ഡി.എഫ്
കോതമംഗലം: നൂറ് കണക്കിന് ജനങ്ങൾ ദിവസേന യാത്ര ചെയ്യുന്ന കുട്ടമ്പുഴ -പുന്നേക്കാട് റോഡിൽ പകൽ സമയത്ത് കാട്ടാന ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് പരിക്കേറ്റത് വനം വകുപ്പിന്റെ അനാസ്ഥക്ക് തെളിവെന്ന് യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം.
24 മണിക്കൂറും സുസജ്ജമായ ആർ.ആർ.ടി ടീമിനെ അടിയന്തരമായി നിയമിക്കണം. ആവശ്യമായ വൈദ്യുതി വേലി സ്ഥാപിക്കുക, വനാതിർത്തിക്കുള്ളിൽ ട്രഞ്ച് നിർമിക്കുക, റോഡിന് ഇരുവശവുമുള്ള അടിക്കാടുകൾ വെട്ടി മാറ്റുക തുടങ്ങി നിരവധി ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിച്ചെങ്കിലും സംസ്ഥാന സർക്കാറും വനം വകുപ്പ് ഉദ്യോഗസ്ഥരും നിഷേധാത്മക നിലപാടാണ് സ്വീകരിച്ച് വരുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാതെ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാരിനും വനം വകുപ്പിനും എതിരെ ശക്തമായ പൊതുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.