കാക്കനാട്: നിരോധിത രാസലഹരി വസ്തുക്കളുമായി ഒമ്പതുപേരെ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിനടുത്തുള്ള ഗ്രീൻ ഗാർഡൻ റോഡിലെ സ്വകാര്യ അപ്പാർട്മെൻറിൽ രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പാലക്കാട് നൊച്ചിപ്പുള്ളി സ്വദേശികളായ സാദിഖ് ഷാ (22), രാഹുൽ (24), കാവിൽപ്പാട് സ്വദേശി സുഹൈൽ (22), മുണ്ടൂർ സ്വദേശി ആകാശ് (22), തൃശൂർ തായോക്കാവ് സ്വദേശി അതുൽ കൃഷ്ണ (23), പടൂർ സ്വദേശി മുഹമ്മദ് റംഷിക് (23), തിരുവെങ്കിടം സ്വദേശി നിഖിൽ (24), വെമ്മനാട് സ്വദേശി നിതിൻ (24), അരിപ്പാലം സ്വദേശിനി റൈഗൽ (18) എന്നിവരാണ് അറസ്റ്റിലായത്. 13.522 ഗ്രാം രാസലഹരിവസ്തു കണ്ടെടുത്തു. വിൽപനക്കും സ്വന്തം ഉപയോഗത്തിനുമാണ് ഇവർ രാസലഹരി കൈവശംവെച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇൻഫോപാർക്ക് പൊലീസ് എസ്.ഐമാരായ സജീവ്, ബദർ, എ.എസ്.ഐ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എല്ലാവരെയും റിമാൻഡ് ചെയ്തു.