കൊച്ചി: അശ്രദ്ധയോടെ ചീറിപ്പായുന്ന വാഹനങ്ങളും അലക്ഷ്യമായ ഡ്രൈവിങ്ങും മറ്റനവധി കാരണങ്ങളും ജില്ലയിൽ അഞ്ചുവർഷത്തിനിടെ ഇല്ലാതാക്കിയത് വിലപ്പെട്ട 2000ത്തിലേറെ ജീവൻ. 2019 മുതൽ 2023 വരെയുള്ള ജില്ലയിലെ വാഹനാപകടങ്ങളിൽ മരിച്ചത് 2198 പേരാണ്. കൊച്ചി സിറ്റി, റൂറൽ പരിധികളിലായാണ് ഇത്രയധികം വാഹനാപകടങ്ങളും അപകട മരണങ്ങളും അരങ്ങേറുന്നത്.
ഇതിൽതന്നെ സിറ്റിയിലെ റോഡുകളിലെക്കാൾ എറണാകുളം റൂറലിൽ അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പലപ്പോഴും നഗരപരിധിയിലും ഇരട്ടി മരണങ്ങളും റൂറൽ പരിധിയിൽ സംഭവിക്കുന്നുണ്ടെന്ന് പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു.
റൂറലിൽ ഇരട്ടി അപകടങ്ങൾ
കൊച്ചി സിറ്റി പൊലീസിനെക്കാൾ വിശാലമാണ് കൊച്ചി റൂറൽ പരിധി. സിറ്റിയിൽ സൈബർ സ്റ്റേഷനുൾപ്പെടെ 28 പൊലീസ് സ്റ്റേഷനുകളാണെങ്കിൽ റൂറലിൽ സൈബർ ഉൾപ്പെടെ 35 സ്റ്റേഷനുണ്ട്. അഞ്ചുവർഷത്തെ അപകടങ്ങളുടെ കണക്കെടുത്താൽ സിറ്റി പരിധിയിൽ നടക്കുന്നതിലും ഇരട്ടി മരണങ്ങൾ റൂറലിൽ ഉണ്ടാവുന്നു. ഇക്കാലയളവിൽ നഗരത്തിലെ സ്റ്റേഷൻ പരിധികളിൽ 730 അപകടമരണങ്ങളും റൂറൽ സ്റ്റേഷനുകളിലായി 1468 മരണങ്ങളുമുണ്ടായി.
ഗുരുതര പരിക്കേറ്റവർ 5360
അപകടത്തിൽ ജീവൻ നഷ്ടപ്പെടുന്നവരെക്കാൾ എത്രയോ ഇരട്ടിയാണ് പരിക്കേൽക്കുന്നവർ. ചിലർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുമെങ്കിലും പലരും ഗുരുതര പരിക്കുകളോടെ ആജീവനാന്തം ദുരിതത്തിൽ കഴിയുന്നവരാണ്. 2023ൽ ജില്ലയിൽ 7128 അപകടങ്ങൾ അരങ്ങേറിയപ്പോൾ സാരവും നിസ്സാരവുമായ പരിക്കുകൾ പറ്റിയത് 8118 പേർക്കാണ്. ഇതിൽ 5360 പേർക്ക് ഗുരുതര പരിക്കുകളാണ്.
കരുതൽ വേണം…
ലളിതമായ ഗതാഗത നിയമങ്ങൾ പാലിച്ചും വേണ്ടത്ര കരുതലോടും വാഹനമോടിച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ നമ്മുടെ റോഡുകളിലെ അപകടങ്ങളെല്ലാം. ശ്രദ്ധിക്കാം ഇവയെല്ലാം:
- അശ്രദ്ധമായും അമിതവേഗത്തിലും ഓടിക്കരുത്.
- ഉറക്കം വരുമ്പോൾ വണ്ടിയോടിക്കരുത്, ആവശ്യത്തിന് ഉറങ്ങിയശേഷം വണ്ടിയോടിക്കുക.
- തകർന്നുകിടക്കുന്ന റോഡുകളിലൂടെ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.
- വെളിച്ചക്കുറവുള്ള റോഡിലും കരുതൽ വേണം
- മത്സരയോട്ടം അപകടത്തിനിടയാക്കും.
- വണ്ടിയോടിക്കുമ്പോൾ മൊബൈൽഫോൺ ഉപയോഗിക്കരുത്.
- മദ്യപിച്ചുള്ള ഡ്രൈവിങ് വേണ്ടേ വേണ്ടാ.
- ഹെൽമറ്റ്, സീറ്റ്ബെൽറ്റ് തുടങ്ങിയവ കൃത്യമായി ധരിക്കുക.
- പാതയോരങ്ങളിലെ ഗതാഗത സൂചനകൾ ശ്രദ്ധിച്ച്, അനുസരിച്ച് ഡ്രൈവ് ചെയ്യുക.
- ഓവർടേക്കിങ് ശ്രദ്ധയോടെ മാത്രം ചെയ്യാം.
- റോഡിലെ തിരക്കിനും കുരുക്കിനും കാലാവസ്ഥക്കുമനുസരിച്ച് ഡ്രൈവിങ്ങിൽ സൂക്ഷ്മത പാലിക്കുക.