കൊച്ചി: താനൂര്‍ താമിര്‍ കസ്റ്റഡി മരണക്കേസില്‍ നാല് പൊലീസുകാര്‍ക്കും ജാമ്യം. 90 ദിവസത്തിനകം സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് എറണാകുളം സി.ജെ.എം കോടതി പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം നല്‍കിയത്.
ഒന്നുമുതല്‍ നാലുവരെ പ്രതികളായ താനൂര്‍ സ്റ്റേഷനിലെ സി.പി.ഒ ജിനേഷ്, പരപ്പനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ ആല്ബിന് അഗസ്റ്റിന്, കല്പകഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ അഭിമന്യു, തിരൂരങ്ങാടി സ്റ്റേഷനിലെ സി.പി.ഒ വിപിന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. 2023 ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചയാണ് മമ്പുറം സ്വദേശി താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. സി.ബി.ഐ കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. എന്നാല്‍, സമയബന്ധിതമായി കുറ്റപത്രം നല്കുന്നതില് സി.ബി.ഐക്ക് വീഴ്ച സംഭവിച്ചതോടെയാണ് ജാമ്യം അനുവദിച്ചത്.