അങ്കമാലി: തിങ്കളാഴ്ച ഉച്ചക്കുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ പാറക്കടവ് പഞ്ചായത്തിലെ 12ാം വാർഡ് തിടുക്കേലി പ്രദേശത്ത് വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടം. ആളപായമില്ല.
മഴയോടൊപ്പം 200 മീറ്റർ ചുറ്റളവിൽ ഉച്ചക്ക് 12.30ഓടെ ഉഗ്രശബ്ദത്തിൽ ആഞ്ഞു വീശിയ മിന്നൽ ചുഴലിയാണ് പ്രദേശമാകെ നാശം വിതച്ചത്. പാടത്തി വീട്ടിൽ ഉണ്ണിയുടെ ഓട് മേഞ്ഞ വീടിലേക്ക് മരം വീണ് മേൽക്കൂര പൂർണമായും തകർന്നു. സമീപത്തെ മഹാഗണിയും, പ്ലാവുമാണ് വീടിന് മുകളിൽ പതിച്ചത്. അപകട സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതാണ് ജീവാപായം ഒഴിവാക്കിയത്.
ഇരുമ്പൻ വീട്ടിൽ അന്തോണിയുടെ വീടിന്റെ അടുക്കളയുടെ മുകളിൽ പുളിമരം വീണു. ഭാര്യ മേരി അടുക്കളയിൽ പാചകം ചെയ്യവേയായിരുന്നു അപകടം. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു.
കണ്ണോളി പറമ്പിൽ തിലകന്റെ വീടിന് മുകളിൽ പറമ്പിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്തിരുന്ന വലിയ പുളിമരം വീണു. കോൺക്രീറ്റ് പുരയായതിനാൽ വലിയ നാശമുണ്ടായില്ല. വീടിന് മുകളിലും, പറമ്പിലും, കൃഷിയിടങ്ങളിലും മറ്റും തലങ്ങും, വിലങ്ങും മരങ്ങൾ നിലംപൊത്തുകയായിരുന്നു. പലയിടത്തും വൈദ്യുതി ലൈനുകളിൽ മരങ്ങൾ വീണു. അതോടെ മേഖലയിലെ വൈദ്യുതി ബന്ധവും അവതാളത്തിലായി. കെ.എസ്.ഇ.ബി അധികൃതർ യുദ്ധകാലടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതിനാൽ സന്ധ്യയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
ജനപ്രതിനിധികളും, വില്ലേജ്, കൃഷി വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. വാർഡിലെ അംഗൻവാടി മുറ്റത്തെ അപകടകരമായ നിലയിലുള്ള വലിയ തെങ്ങ് ഉടൻ മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.