കൊച്ചി: ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് നിറം പകർന്ന് കാക്കനാട്-മൂവാറ്റുപുഴ നാലുവരിപ്പാത. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നാലുവരിപ്പാതയുടെ രൂപരേഖ പൊതുമരാമത്ത് വകുപ്പ് സർക്കാറിന് സമർപ്പിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓണത്തിന് മുമ്പ് ചേരുന്ന കിഫ്ബി ഡയറക്ടർ ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകുമെന്നാണ് സൂചന.
കാർഷിക-വ്യവസായിക മേഖലകളുടെ സംഗമ ഭൂമിയായ കുന്നത്തുനാടിനും മൂവാറ്റുപുഴ അടക്കമുളള ജില്ലയുടെ കിഴക്കൻ മേഖലയുടെയും മുഖഛായ മാറ്റുന്ന രീതിയിലാണ് രൂപരേഖ. പാത യാഥാർഥ്യമായാൽ വികസന രംഗത്ത് കുതിച്ചുചാട്ടത്തോടൊപ്പം ജില്ല ആസ്ഥാനത്തേക്കും എറണാകുളം നഗരത്തിലേക്കുമെത്താൻ ഏറെ സമയ ലാഭവും ദൂര ലാഭവും ലഭിക്കും.
എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ രൂപരേഖ
ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് കാക്കനാട്-മൂവാറ്റുപുഴ നാലുവരിപ്പാതയെന്ന ആവശ്യം സജീവമായത്. ഇതേ സമയം തന്നെ തങ്കളം-കാക്കനാട് പാതയുടെ പ്രവൃത്തികളും പുരോഗമിച്ചിരുന്നു. ഇതിന് സമാന്തരമായി തന്നെയാണ് നാലുവരിപ്പാതയുടെ ചർച്ചകളും പുരോഗമിച്ചത്. ഇതിന് പിന്നാലെ പാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കും പഠനങ്ങൾക്കുമായി സർക്കാർ 40 കോടി രൂപ അനുവദിച്ചു.
തുടർന്ന് പൊതുമരാമത്ത് വകുപ്പ് സാധ്യത പഠനം ആരംഭിച്ചു. നിലവിലുളള കാക്കനാട് -മൂവാറ്റുപുഴ റോഡ് വീതി കൂട്ടുന്നതോടൊപ്പം വളവുകൾ നിവർത്തിയാണ് അലൈൻമെന്റ് തയ്യാറാക്കിയത്. മൂവാറ്റുപുഴ വാഴപ്പിളളിയിൽ നിന്നാരംഭിക്കുന്ന പാത കിഴക്കമ്പലത്തെത്തുമ്പോൾ നിർദ്ദിഷ്ട കാക്കനാട്-തങ്കളം പാതയുമായി ചേരും.
23 മീറ്റർ വീതിയിലാണ് നിർമാണം. കിഴക്കമ്പലം മുതൽ വാഴപ്പിള്ളി വരെ 19.22 കി.മീറ്റർ വരുന്ന റോഡിന് ഇരുവശവുമായി ഏറ്റെടുക്കേണ്ട ഭൂമി, പൊളിക്കേണ്ട കെട്ടിടങ്ങൾ, നിവർത്തേണ്ട വളവുകൾ, നിർമിക്കേണ്ട കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെയെല്ലാം വിശദമായ പദ്ധതി തയ്യാറാക്കിയ ശേഷമാണ് കിഫ്ബി അംഗീകരിച്ച രൂപരേഖ സർക്കാറിന് സമർപ്പിച്ചത്. നേരത്തെ സർക്കാർ അനുവദിച്ച 40 കോടി ഉൾപ്പെടെ 349 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കുന്നത്. സ്ഥലമേറ്റെടുപ്പും നിർമാണവും അടക്കമുളള അടുത്ത ഘട്ടത്തിന് മാത്രം 309.93 കോടിയാണ് കണക്കാക്കുന്നത്.
ജില്ലയുടെ മുഖച്ഛായ മാറും?
പദ്ധതി സർക്കാർ അംഗീകരിച്ചാൽ അത് ജില്ലയുടെ മുഖഛായ തന്നെ മാറ്റും. കുന്നത്തുനാട് മണ്ഡലം പൂർണമായും തൃക്കാക്കര, മൂവാറ്റുപുഴ മണ്ഡലങ്ങളിലൂടെ ഭാഗീകമായുമാണ് പാത കടന്നുപോകുന്നത്. ഇത് ഈ മണ്ഡലങ്ങളുടെയെല്ലാം വികസന സാധ്യതകൾ വർധിപ്പിക്കും. ഇതോടൊപ്പം മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ അടക്കമുളള പ്രദേശങ്ങളിൽ നിന്ന് ദിവസേന ജില്ല ആസ്ഥാനത്തേക്കും കൊച്ചി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും യാത്രചെയ്യുന്നവർക്ക് സമയവും ദൂരവും ലാഭിക്കാനും വഴിയൊരുക്കും.
മെട്രോ റെയിൽ കാക്കനാട്ടേക്ക് നീട്ടുന്നതോടെ ഇവർക്ക് ഗതാഗതക്കുരുക്കില്ലാതെ നഗരത്തിലെത്തി ആവശ്യങ്ങൾ നിർവഹിച്ച് മടങ്ങാനാകും. നിലവിൽ റോഡ് ശോചനീയാവസ്ഥ മൂലം ഏറ്റവും കൂടുതൽ ജനങ്ങൾ ദുരിതത്തിലായ മേഖലയാണിത്. കിഴക്കമ്പലം- നെല്ലാട് റോഡ് കാൽനടയാത്രപോലും ദുഃസ്സഹമായ രീതിയിൽ തകർച്ചയിലായിട്ട് ഒന്നര പതിറ്റാണ്ടായി. പുതിയ പദ്ധതി സർക്കാർ അംഗീകരിക്കുന്നതോടെ ഇതിനെല്ലാം ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വികസന രംഗത്ത് കുതിച്ചു ചാട്ടമുണ്ടാക്കും -ജോർജ് ഇടപ്പരത്തി
നാലുവരിപ്പാത യാഥാർഥ്യമാകുന്നതോടെ ജില്ലയുടെ വികസനരംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് പാത കടന്നുപോകുന്ന മഴുവന്നൂർ പഞ്ചായത്തംഗവും എൽ.ഡി.എഫ് ജില്ല കൺവീനറുമായ ജോർജ് ഇടപ്പരത്തി പറഞ്ഞു. ദീർഘകാലമായുളള ആവശ്യമാണ് യാഥാർഥ്യമാകുന്നത്. ഫണ്ടനുവദിക്കുന്നതടക്കമുളള കാര്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.