ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബുവിന്റെ വിജയം ശരിവച്ച ഹൈകോടതി വിധി മികച്ചതാണെന്ന് സുപ്രീം കോടതി. വിധിയില്‍ തെറ്റായ ഒരു ഖണ്ഡികയെങ്കിലും കാണിച്ച് തരാന്‍ കഴിയുമോയെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനോട് കോടതി ചോദിച്ചു.
സ്വരാജിന് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പി.വി ദിനേശിനോടാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ ചോദ്യമുന്നയിച്ചത്. വിധി മികച്ചതാണെന്ന കോടതിയുടെ അഭിപ്രായത്തോട് ഭാഗികമായി യോജിച്ച അഡ്വ. പി.വി. ദിനേശ് ആ അഭിപ്രായം വിധിപ്രസ്താവത്തിലെ ആദ്യ 50 പേജില്‍ ഒതുങ്ങുമെന്ന് കൂട്ടിച്ചേർത്തു.
ഹൈകോടതി വിധി പൂർണമായി വായിച്ചെന്നും അതിൽ എന്താണ് പിഴവെന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. മികച്ച വിധിയാണ് ഹൈകോടതി പുറപ്പെടുവിച്ചത്. വിധി എഴുതിയ ജഡ്ജിയെ അഭിനന്ദിക്കുന്നു. ഹൈകോടതി വിധിയിൽ തെറ്റായി എഴുതിയ ഒരു പാരഗ്രാഫ് എങ്കിലും കാണിച്ചുതരാൻ കഴിയുമോ എന്നും ജഡ്ജി ചോദിച്ചു.
ബാബുവിന്റെ ജയം ശരിവെച്ച ഹൈകോടതി വിധിക്കെതിരെ സ്വരാജ് നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി കെ. ബാബുവിന് നോട്ടീസ് അയച്ചു.