ഫോർട്ട്കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഫോർട്ട്കൊച്ചിയുടെ ടൂറിസം വികസനത്തിന് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. പ്രദേശത്തോട് കടുത്ത അവഗണനയാണെന്നാണ് നാട്ടുകാരുടെ പരാതി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പ് മുട്ടുകയാണ് ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും.
ഫോർട്ട്കൊച്ചിക്ക് വേണ്ടി മുൻകാലങ്ങളിൽ ചില വികസന പദ്ധതികൾ നടപ്പാക്കിയെങ്കിലും ആസൂത്രണ പിശകും അശാസ്ത്രീയ നിർമാണവും മൂലം അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി. ഈ സർക്കാർ അധികാരമേറ്റ ശേഷം ടൂറിസം മന്ത്രി ആദ്യം സന്ദർശിച്ചത് ഫോർട്ടുകൊച്ചിയിലായിരുന്നു. അന്ന് നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ലെന്നാണ് ടൂറിസം മേഖലയിലുള്ളവർ തന്നെ ചൂണ്ടിക്കാണിക്കുന്നത്.
കൊച്ചിയുടെ മുഖമുദ്രയായി വിശേഷിപ്പിക്കുന്ന ചീനവല നവീകരണമായിരുന്നു പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. എന്നാൽ ചീനവലകൾ ഇന്നും നിലനിൽപ്പു ഭീഷണിയിലാണ്. നവീകരിച്ച ഏക ചീനവലയുടെ ഉടമയാകട്ടെ അധികൃതരുടെ ഉറപ്പിൽ പണം ചെലവഴിച്ചെങ്കിലും ഇപ്പോൾ പലിശക്കെടുത്ത പണം വീട്ടാനാവാതെ നെട്ടോട്ടത്തിലാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലഘട്ടത്തിലടക്കം കഴിഞ്ഞ പത്ത് വർഷത്തിനിടെ ചീനവല നവീകരണത്തിൽ ആറ് പ്രഖ്യാപനങ്ങൾ നടന്നു. ഈ കാലയളവിനിടയിൽ ഫോർട്ട് കൊച്ചിയിൽ നാലും വൈപ്പിൻ തീരത്ത് ഒന്നും ചീനവല തകർന്നത് മാത്രം മിച്ചം.
തടി ലഭിക്കാത്തതാണ് നവീകരണത്തിന് പ്രധാന തടസമെന്നാണ് അധികൃതർ പറയുന്നത്. ചീനവലകൾക്കാവശ്യമായ മര ഉരുപ്പടികൾ കൃത്യമായി ലഭിക്കാൻ സംവിധാനമില്ല. വനം, ടൂറിസം, റവന്യു വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മയാണ് പ്രധാന പ്രശ്നമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ തന്നെ പറയുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിമുറി നിർമിക്കുമെന്ന് ടൂറിസം മന്ത്രി പ്രഖ്യാപിച്ചിട്ട് വർഷം ഒന്നര കഴിഞ്ഞു. ഫോർട്ട്കൊച്ചി കടപ്പുറമാകട്ടെ തീരം ഇല്ലാതായതോടെ മോശം അവസ്ഥയിലാണ്. നടപ്പാത ഭൂരിഭാഗവും പൊട്ടി പ്പൊളിഞ്ഞ നിലയിലാണ്.
പ്രവേശന ഭാഗത്ത് സി.എസ്.എം.എൽ.നടപ്പാത നവീകരിച്ചത് മാത്രമാണ് ആശ്വാസം. മാലിന്യം നിറഞ്ഞ കടപ്പുറത്തേക്ക് സഞ്ചാരികൾ എത്താനും മടിക്കുകയാണ്. ഫോർട്ട്കൊച്ചി റസ്റ്റ് ഹൗസിന്റെ നവീകരണവും മുടന്തുകയാണ്. നാല് രാജ്യങ്ങളുടെ സൈനിക പരേഡ് നടന്ന പരേഡ് മൈതാനത്തിന്റെ നവീകരണവും നിലച്ചു. ഫോർട്ടുകൊച്ചിയിലെ പല റോഡുകളുടെ നവീകരണവും ഒച്ചിനെ പോലെ ഇഴയുകയാണ്. മൂന്ന് വർഷമായിട്ടും ഫോർട്ടുകൊച്ചി – മട്ടാഞ്ചേരി അതിർത്തികൾ പങ്കിടുന്ന ചുങ്കം പാലത്തിന്റെ നവീകരണവും പൂർത്തികരിക്കാനായിട്ടില്ല.