കൊച്ചി: ആശങ്കയായി മുങ്ങിമരണ തോത്; ഒന്നര മാസത്തിനിടെ ജില്ലയിൽ മരിച്ചത് 21 പേർ. ജില്ലയിലെ തോടുകൾ, പുഴകൾ, കനാലുകൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിലാണ് മുങ്ങി മരണങ്ങൾ പെരുകിയത്. മരിച്ചവരിൽ വിദ്യാർഥികൾ, യുവാക്കൾ, മധ്യവയസ്കർ, വയോധികർ, പെൺകുട്ടികൾ എല്ലാവരുമുണ്ട്. ഇക്കാലയളവിൽ തൃപ്പൂണിത്തുറ ഹിൽപാലസ് ക്യാമ്പിലെ ഒരു പൊലീസുകാരനും മുങ്ങി മരിച്ചവരിൽപെടുന്നുണ്ട്.
നാലുമാസം; 46 മരണം
മാർച്ച് 15 മുതൽ ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ മുങ്ങി മരിച്ചത് 46 പേരാണ്. എന്നാൽ, മേയ് 13 മുതൽ ജൂലൈ ഏഴുവരെ മാത്രം ഇത് 21 പേരായിട്ടുണ്ട്. സാധാരണ മധ്യവേനലവധിക്കാലത്ത് ഇത്തരം മരണങ്ങൾ ഉയരാറുണ്ടെങ്കിലും ഇക്കുറി മധ്യവേനലവധി കഴിഞ്ഞിട്ടും മുങ്ങിമരണങ്ങൾക്ക് കുറവില്ലെന്നാണ് കണക്കുകൾ.
ഇക്കാലയളവിൽ മരിച്ച 21 പേരിൽ മൂന്നു പേരാണ് വിദ്യാർഥികൾ. ഇതിലൊരാൾ വിദ്യാർഥിനിയാണ്. മധ്യവയസ്സ് പിന്നിട്ട അഞ്ചുപേരുണ്ട്. ഇവരിലൊരാൾ 85 വയസ്സുള്ളയാണ്. ബാക്കി 13 പേരിൽ 12 പേർ യുവാക്കളും ഒരു യുവതിയുമാണ്. കൂട്ടത്തോടെ കുളിക്കാനിറങ്ങി അപകടം നടന്ന മൂന്ന് സംഭവങ്ങളും ഇക്കാലയളവിലുണ്ടായി. ഇങ്ങനെ രണ്ട് അന്തർസംസ്ഥാന യുവാക്കളും ബന്ധുവീട്ടിലെത്തിയ രണ്ട് പെൺകുട്ടികളും മരിച്ചിരുന്നു.
അപരിചിതർക്ക് അപകടക്കെണിയൊരുക്കി ജലാശയങ്ങൾ
അപകടം പതിയിരിക്കുന്ന ജലാശയങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണ് അപകടങ്ങൾക്കിരയാകുന്നത്. വിനോദയാത്രകൾ, വിവാഹം, വിരുന്ന് തുടങ്ങിയ ആഘോഷ പരിപാടിക്കെത്തുന്നവരാണ് ഇത്തരം ദുരന്തങ്ങൾക്കിരയാകുന്നത്. ബലിപൊരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായെത്തിയ ഉത്തർപ്രദേശുകാരായ യുവാക്കളാണ് ചെറായി ബീച്ചിൽ അപകടത്തിൽപെട്ടതെങ്കിൽ ബന്ധുവീട്ടിലെത്തിയ രണ്ട് പെൺകുട്ടികളാണ് മുട്ടാർ പുഴയിൽ അപകടത്തിൽപെട്ടത്.
കൂട്ടുകാരോടൊപ്പം കടമ്പ്രയാറിൽ കുളിക്കാനിറങ്ങിയ ഇൻഫോ പാർക്ക് ജീവനക്കാരനാണ് ഞായറാഴ്ച അപകടത്തിൽപെട്ടതെങ്കിൽ സമാന സാഹചര്യത്തിൽ കുളത്തിൽ കുളിക്കാനിറങ്ങിയ കടയിരുപ്പ് സ്കൂളിലെ വിദ്യാർഥിയാണ് ശനിയാഴ്ച അപകടത്തിൽ മരിച്ചത്. ജലാശയങ്ങളുടെ ആഴമോ വെള്ളത്തിന്റെ ഒഴുക്കിനെക്കുറിച്ചോ, അപകടസാധ്യതകളെക്കുറിച്ചോ അറിയാതെ എത്തിയവരാണ് ഇവരിൽ ഭൂരിഭാഗവും.
പാരയായി പരിശീലനവും; ഒപ്പം പരിശീലനക്കുറവും
മുങ്ങിമരണങ്ങളിൽ പ്രധാന വില്ലനാകുന്നത് നീന്തൽ പരിശീലനമില്ലായ്മയാണ്. കൂട്ടുകാരോടൊപ്പം കൗതുകത്തിനായി ഇറങ്ങി നീന്തൽ വശമില്ലാതെ അപകടത്തിനിരയാകുന്നവരാണ് ഭൂരിഭാഗവും. എന്നാൽ, പരിശീലനം ലഭിച്ചവരും അപകടത്തിൽപെടുന്ന സംഭവങ്ങളും കുറവല്ല. പരിശീലനം ലഭിക്കുന്നത് സുരക്ഷിതമായ മേഖലകളിലായതിനാൽ പരിചയമില്ലാത്ത മേഖലകളിലെ ജലാശയങ്ങളിൽ ഇവർ ഇറങ്ങുമ്പോൾ അപകടസാധ്യത കൂടുന്നതായി നീന്തൽ പരിശീലകനും ഐ.ആർ.ഡബ്യു വളന്റിയറുമായ ഷാജി സെയ്തു മുഹമ്മദ് പറയുന്നു.
സുരക്ഷിത മേഖലകളിൽ പരിശീലനം ലഭിക്കുന്നവർക്ക് സ്ഥിരമായ നീന്തലിലൂടയേ പരിചയസമ്പന്നരാകാൻ കഴിയൂ. എന്നാൽ, പലരും ഇത് ചെയ്യാറില്ല. കൂടാതെ പരിശീലനം ലഭിച്ച ജലാശയങ്ങളിലെ സാഹചര്യവും കുളിക്കാനിറങ്ങുന്ന സ്ഥലങ്ങളിലെ സാഹചര്യവും വ്യത്യാസമുണ്ട്. ഇതറിയാതെ ഇറങ്ങുന്നവരാണ് അപകടത്തിൽപെടുന്നതെന്നും ഇതിനോടകം നൂറുകണക്കിന് കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകിയ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.