മൂവാറ്റുപുഴ: ഇ.ഇ.സി മാർക്കറ്റ് ജങ്ഷനിൽ ഒരുമാസമായി തുടരുന്ന ഗതാഗതക്കുരുക്കിന് ശമനമില്ല. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂടി നിരത്ത് കൈയടക്കിയതോടെ മൂവാറ്റുപുഴ നഗരം കടക്കാൻ വേണ്ടത് മണിക്കൂറുകൾ. ഏറ്റവും തിരക്കേറിയ ഇ.ഇ.സി മാർക്കറ്റ് ജങ്ഷനിലും വാഴപ്പിള്ളി കവലയിലുമടക്കം കുരുക്ക് രൂക്ഷമാണ്. ഇവിടെ ചെറിയ ഗതാഗത ക്രമീകരണങ്ങൾ വരുത്തിയാൽ കുരുക്കിന് വലിയ തോതിൽ പരിഹാരമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ നിന്നടക്കം എത്തുന്ന വാഹനങ്ങൾ മൂവാറ്റുപുഴ കീച്ചേരിപ്പടി ജങ്ഷനിൽനിന്ന് തിരിഞ്ഞ് ഇ.ഇ.സി റോഡ് വഴി ഇ.ഇ.സി മാർക്കറ്റ് ജങ്ഷനിൽ എത്തി എം.സി റോഡിൽ പ്രവേശിക്കുകയാണ് ചെയ്യുന്നത്. എറണാകുളം, പെരുമ്പാവൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ നേരെ എം.സി റോഡ് ക്രോസ് ചെയ്യുന്നത് വാഹനത്തിരക്ക് ഏറിയ സമയത്ത് വൻകുരുക്കിന് കാരണമാകുന്നുണ്ട്.
ഇവിടെ പൊലീസിന്റെ സേവനവും ലഭിക്കാറില്ല. മിക്കപ്പോഴും നാട്ടുകാർ ഇറങ്ങിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഈ വാഹനങ്ങൾ നേരിട്ട് എം.സി റോഡ് ക്രോസ് ചെയ്യുന്നതിന് പകരം നെഹ്റു പാർക്കിലെ റൗണ്ട് ചുറ്റി കടന്നുപോകുന്ന തരത്തിൽ ക്രമീകരിച്ചാൽ ഈ മേഖലയിലെ ഒരു വലിയ കുരുക്കിന് തന്നെ ശമനമാകും.
കാക്കനാട്-മൂവാറ്റുപുഴ റോഡ് എം.സി റോഡുമായി സന്ധിക്കുന്ന വാഴപ്പിള്ളി കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇവിടെ സിഗ്നൽ സംവിധാനമാണ് ഒരുക്കേണ്ടത്. എറണാകുളം, കാക്കനാട് മേഖലകളിൽ നിന്നും എത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ എം.സി റോഡിലേക്ക് പ്രവേശിക്കുന്ന ഇവിടെ രൂക്ഷമായ കുരുക്കാണ് അനുഭവപ്പെടുന്നത്.
ഇതിനുപുറമെ ആർ.ഡി.ഒ, താലൂക്ക് ഓഫിസുകൾ തുടങ്ങി മുപ്പതോളം സർക്കാർ ഓഫിസുകൾ അടക്കം സ്ഥിതി ചെയ്യുന്ന സിവിൽ സ്റ്റേഷനിലേക്ക് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്നത് കവലയിലൂടെയാണ്.
വാഹനങ്ങളുടെ തിരക്കുമൂലം അപകടങ്ങളും നിത്യസംഭവമായി മാറിയിട്ടുണ്ട്. തിരക്കേറിയ കവലയിൽ ആവശ്യമായ ട്രാഫിക് സംവിധാനങ്ങൾ ഇല്ലാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം.
ഇവിടെ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയാൽ ഒരളവുവരെ പരിഹാരമായേക്കും. ഇതിനു പുറമെ ആവശ്യത്തിന് പൊലീസുകാരെ ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കുകയും വേണം.��
+ There are no comments
Add yours