
കാക്കനാട്: യാത്രക്കാരനോട് ഇരട്ടി നിരക്ക് വാങ്ങാൻ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവർ ഇടപ്പള്ളി ചുറ്റുപാടുകര സ്വദേശി എൻ.എ. മാർട്ടിെന്റ ലൈസൻസ് സസ്പെൻഡ് ചെയ്തു. 4000 രൂപ പിഴയും ഈടാക്കി.
ബോധവൽകരണ ക്ലാസിലും പങ്കെടുക്കണം. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തുനിന്ന് ഓട്ടോ വിളിച്ച പാലക്കാട് സ്വദേശിയാണ് പരാതിക്കാരൻ. 40 രൂപ നിരക്ക് പറഞ്ഞ ഓട്ടോ ഡ്രൈവർ, യാത്രക്കാരന്റെ കൈവശം വലിയ പെട്ടി ഉണ്ടെന്നറിഞ്ഞപ്പോൾ 70 രൂപ വേണമെന്ന് പറഞ്ഞു തർക്കിച്ച് ഓട്ടം പോകാൻ തയാറായില്ല.
മറ്റൊരു ഓട്ടോയിൽ 40 രൂപക്ക് യാത്രക്കാരൻ പോകുകയും ചെയ്തു. പരാതി ലഭിച്ചതിനെ തുടർന്ന് ആർ.ടി.ഒ ടി.എം. ജേഴ്സന്റെ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.