ചെങ്ങമനാട്: സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ മീഡിയനിലിടിച്ച് റോഡിൽ തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യം. കുന്നുകരയിൽ വാടകക്ക് താമസിക്കുന്ന ആലുവ മുപ്പത്തടം വലിയങ്ങാടി വീട്ടിൽ അബ്ദു റഹ്മാന്റെ മകൻ ഷാഹുൽ ഹമീദ് (34) ആണ് മരിച്ചത്.
അത്താണി കേരള ഫാർമസിക്ക് സമീപം തിങ്കളാഴ്ച രാത്രി 7.45ഓടെയായിരുന്നു അപകടം. വയൽകരയിൽ നിന്ന് സുഹൃത്തിനൊപ്പം ആലുവയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുയർന്ന് റോഡിൽ പതിക്കുകയായിരുന്നു. ഹമീദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ബൈക്ക് ഓടിച്ചിരുന്ന വയൽകര സ്വദേശി അഖിൽ രാജ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഷാഹുൽ ഇടപ്പള്ളിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അമ്മുവാണ് ഹമീദിന്റെ ഭാര്യ. മകൻ: തൗഫീഖ് (അഞ്ച്). സഹോദരങ്ങൾ: ഷാഫി, ഷിഹാബ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മുപ്പത്തടം ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.