മൂവാറ്റുപുഴ: അഞ്ചുവർഷംമുമ്പ് കോടികൾ മുടക്കി നവീകരിച്ച മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിലെ പുളിഞ്ചുവട് ജങ്ഷനിൽ 800 മീറ്റർ ദൂരം റോഡിലെ ടൈൽ ഇളകി അപകടങ്ങൾ പതിവായി. 2018ൽ ശബരി പാക്കേജിൽ നിന്ന് 15 കോടി രൂപ ചെലവഴിച്ചാണ് മൂവാറ്റുപുഴ – പെരുമ്പാവൂർ റോഡ് നവീകരിച്ചത്.
മത്സ്യ മാർക്കറ്റിനുസമീപം സ്ഥിരമായി ഉപ്പും ഐസും ചേർന്ന ജലം വീണ് റോഡ് സ്ഥിരമായി പൊളിഞ്ഞുപോകുന്ന സാഹചര്യം കണക്കിലെടുത്ത് 800 മീറ്റർ ഭാഗം ടൈൽ ചെയ്യുകയായിരുന്നു. അഞ്ചു വർഷത്തിനിടെ യാതൊരു മെയിൻറൻസും ചെയ്യാത്തതിനെ തുടർന്ന് റോഡ് സഞ്ചാരയോഗ്യമല്ലാതായി. ടൈൽ ഇളകിയതിനുപുറമെ പല ഭാഗത്തും റോഡ് താഴ്ന്ന നിലയിലാണ്. ഇതുമൂലം ഇരുചക്രവാഹന യാത്രക്കാർ തുടർച്ചയായി അപകടത്തിൽപെടുന്ന സാഹചര്യമാണുള്ളത്. ദിനേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഈ ഭാഗത്ത് യാത്ര ദുരിതമാകുകയും ചെയ്തു. ഇതിനെതിരെ പരാതികൾ ഉയർന്നതോടെ രണ്ടുമാസം മുമ്പ് കെ.എസ്.ടി.പി ചീഫ് എൻജിനീയർ സ്ഥലം സന്ദർശിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. മഴക്കാലം ആരംഭിച്ചതോടെ ടൈലുകൾ കൂടുതൽ താഴ്ന്നുപോകാനുള്ള സാധ്യതയുമുണ്ട്. ഇത് അപകടങ്ങൾ തുടർക്കഥയാകാൻ കാരണമാകും.
റോഡ് നവീകരിക്കണം -മുൻ എം.എൽ.എ
മൂവാറ്റുപുഴ: അപകട മേഖലയായി മാറിയ എം.സി റോഡിലെ പുളിഞ്ചുവട് കവല മേഖലയിൽ റോഡിന്റെ നവീകരണം നടത്തണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ എൽദോ എബ്രഹാം പൊതുമരാമത്ത് മന്ത്രിക്ക് കത്തുനൽകി. എം.സി റോഡിന്റെ സംരക്ഷണ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പിന്റെ മെയിൻറനൻസ് വിഭാഗം അടിയന്തര ശ്രദ്ധ നൽകി റോഡ് നന്നാക്കണം. നാളുകളായി റോഡ് തകർന്ന നിലയിലാണ്. അപകടങ്ങളും പെരുകയാണ് ഈ സാഹചര്യത്തിൽ എം.സി. റോഡിന്റെ നവീകരണം അടിയന്തരമായി നടത്തണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകിയത്.