പെരുമ്പാവൂര്‍: നഗരത്തില്‍ പല സ്ഥലങ്ങളിലും സ്ലാബ് തകര്‍ന്നു കിടക്കുന്നത് അപകട ഭീഷണി സൃഷ്ടിക്കുന്നു. എ.എം റോഡ്, പി.പി റോഡ്, എം.സി റോഡ് എന്നിവിടങ്ങളിലെല്ലാം കാനകളുടെ മുകളില്‍ കിടക്കുന്ന സ്ലാബുകളില്‍ പലതും തകര്‍ന്ന നിലയിലാണ്. ചിലത് ദ്രവിച്ച് ചെറിയ വിടവുകള്‍ രൂപപ്പെട്ടും ചിലത് ക്രമംതെറ്റിയും പായല്‍ പിടിച്ചും കിടക്കുകയാണ്. കാനകള്‍ക്ക് മുകളില്‍ സ്ഥാപിച്ച സ്ലാബുകളെല്ലാം കാലപ്പഴക്കം ചെന്നവയാണ്. ഇവ മാറ്റി സ്ഥാപിക്കുമെന്ന് നഗരസഭ പ്രഖ്യാപിക്കുന്നതല്ലാതെ നടപടിയില്ലെന്നാണ് ആക്ഷേപം.
കാനകളുടെ മുകളില്‍ സ്ഥാപിക്കാന്‍ നിര്‍മിച്ച സ്ലാബുകള്‍ ടൗണിലെ ഇ.എം.എസ് ഹാളിന്റെ വളപ്പില്‍ കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുകയാണ്. അപകടകരമായ സ്ഥലങ്ങളിലെങ്കിലും അത് സ്ഥാപിക്കാത്തത് ബന്ധപ്പെട്ട വിഭാഗങ്ങളുടെ അനാസ്ഥയായി ചൂണ്ടികാണിക്കപ്പെടുന്നു. സ്ലാബിന്റെ വിടവില്‍ കാല്‍നടക്കാരുടെ കാല് കുടങ്ങിയുള്ള അപകടങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെന്നിരിക്കെ അതെല്ലാം അധികൃതര്‍ അവഗണിക്കുകയാണെന്നാണ് ആരോപണം.
അടുത്തിടെയാണ് യാത്രിനിവാസിന് മുന്നില്‍ അപകടരമായ വിധത്തില്‍ കിടന്ന സ്ലാബ് മാറ്റി സ്ഥാപിച്ചത്. ആ ഭാഗത്ത് ഇനിയും തകര്‍ന്ന സ്ലാബുകള്‍ മാറ്റാനുണ്ട്. പലതിന്റെയും വിടവുകള്‍ സിമന്റിട്ട് താൽകാലികമായി അടച്ചുവെച്ചിരിക്കുകയാണ്. പി.പി റോഡില്‍ ജ്യോതി തിയറ്റര്‍ മുതല്‍ കാളചന്ത വഴി വരെ സ്ലാബുകള്‍ തകര്‍ന്ന പല ഭാഗത്തും വലിയ വിടവുകളാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖക്ക് മുന്നിലുളള ഭാഗത്തെ വിടവ് അപകടകരമാണ്. ദിനംപ്രതി ഇതിലെ നൂറ് കണക്കിന് കാല്‍നടക്കാര്‍ കടന്നുപോകുന്നതാണ്. ഞായറാഴ്ചകളിൽ അന്തർ സംസ്ഥാന തൊഴിലാളികളും വഴിയോര കച്ചവടക്കാരും തങ്ങുന്ന സ്ഥലമാണ്. രാത്രിയിലും വെളിച്ച കുറവുള്ള സമയങ്ങളിലും അപകടം ശ്രദ്ധയില്‍ പതിയില്ല. വീഴുന്ന ആള് കാനയിലേക്ക് പതിക്കുന്നത്ര വലിപ്പത്തില്‍ ഇതിന്റെ ഒരു ഭാഗം അടര്‍ന്നിരിക്കുകയാണ്. അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ജീവന്‍പോലും നഷ്ടമാകുന്ന അപകടമാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.