കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാത അപകടക്കെണിയാകുന്നു. ദേശീയപാതയുടെ കുണ്ടന്നൂർ മുതൽ മൂന്നാർവരെ നടക്കുന്ന നവീകരണമാണ് പ്രാരംഭഘട്ടമായ തിരുവാങ്കുളം മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗങ്ങളിൽ അപകടഭീഷണി തീർക്കുന്നത്. കാന നിർമാണം ജനജീവിതത്തിന് ഭീഷണിയാകുന്ന തരത്തിലാണ്. മഴയാരംഭിച്ചതോടെ റോഡിനോട് ചേർന്ന് കുഴിച്ച ഈ കാനകളിൽ വെള്ളം നിറഞ്ഞ് അപകടഭീതി ഉയർത്തുകയാണ്. മതിയായ മുന്നൊരുക്കങ്ങളോ അപകട സുരക്ഷ മാനദണ്ഡങ്ങളോ പാലിക്കാത്ത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നേരത്തേതന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, അധികൃതർ അവഗണിക്കുകയാണ്.
തിരുവാങ്കുളം മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗങ്ങളിലൂടെ മാത്രം ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ഗതാഗത തടസ്സമടക്കം പതിവായിട്ടുണ്ട്. ഗതാഗത നിയമങ്ങൾ പാലിക്കാതെ അമിതവേഗത്തിലും അമിതഭാരം കയറ്റിയും വാഹനങ്ങൾ സഞ്ചരിക്കുന്നതായ പരാതികൾ നേരത്തേയുണ്ട്. ഈ ഭാഗങ്ങളിൽ വാഹന പരിശോധനയടക്കം കുറവായതാണ് കാരണം. ഇത്തരം പരാതികൾ നിലനിൽക്കെയാണ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ കാന നിർമാണം.
അപകടഭീതിയുയർത്തി കാലവർഷം
വേനൽമഴ സജീവമായതോടെ പാതയിൽ വീണ്ടും അപകടഭീതി ഇരട്ടിക്കുകയാണ്. കുഴിച്ചിട്ട കാനകളിൽ വെള്ളം നിറഞ്ഞതാണ് ഇതിന് കാരണം. ദേശീയപാതയിൽ പലയിടങ്ങളിലും മഴയിൽ വെള്ളക്കെട്ട് പതിവാണ്. പുത്തൻകുരിശ്, വരിക്കോലി, മാമല, കോലഞ്ചേരി അടക്കമുള്ള ഭാഗങ്ങളിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിലാണ് വെള്ളക്കെട്ട്. ഈ സമയത്ത് റോഡും കാനയും തിരിച്ചറിയാതെവരുന്നത് പതിവാണ്. വെള്ളക്കെട്ടിലൂടെ വരുന്ന വാഹനങ്ങൾ റോഡിന്റെ ഭാഗമാണെന്ന് കരുതി കാനയിൽ വീഴുമെന്നുള്ള ആശങ്ക പ്രദേശവാസികൾ പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയിൽ പലയിടങ്ങളിലും നാട്ടുകാർ റോഡിൽനിന്നാണ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. നിർമാണം ആരംഭിച്ച ഘട്ടത്തിൽതന്നെ ഇത്തരം ആശങ്കകൾ അധികൃതരുടെ മുന്നിലെത്തിച്ചെങ്കിലും വേണ്ടത്ര ഗൗരവം കൊടുത്തില്ല.
മരണക്കെണിയായി കാനകൾ
നവീകരണത്തോടനുബന്ധിച്ച് 186 കിലോമീറ്ററിലാണ് കാനകൾ നിർമിക്കുന്നത്. പുറമ്പോക്ക് ഏറ്റെടുത്ത് റോഡരികുകൾ ചേർത്ത് കാന നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും നടപ്പായില്ല. ഇപ്പോൾ റോഡിന്റെ ഇരുവശങ്ങളിൽനിന്നുമാണ് കാന കീറുന്നതെന്നതിനാൽ പലഭാഗങ്ങളിലും നിലവിലുള്ള റോഡിന് വീതികുറഞ്ഞ നിലയിലാണ്. 14 മീറ്ററാണ് പാതയുടെ ഒദ്യോഗിക വീതിയെങ്കിലും കാന നിർമാണമാരംഭിച്ചതോടെ ചിലയിടങ്ങളിലത് 10 മീറ്ററായി ചുരുങ്ങിയിട്ടുമുണ്ട്.
തിരുവാങ്കുളം മുതൽ കടാതി വരെ ഭാഗങ്ങളിൽ അപകടഭീതിയുയർത്തുന്നതും ഇത്തരം അശാസ്ത്രീയ നിർമാണമാണ്. മതിയായ സുരക്ഷ മുൻകരുതലുകളൊന്നും സ്വീകരിക്കാതെയാണ് നിർമാണം. രാത്രികാലങ്ങളിലാകട്ടെ വാഹനങ്ങളുടെ ശ്രദ്ധയിൽപെടുകയുമില്ല. ഈ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ കാനയിൽ വീഴുന്നത് നിത്യസംഭവമാണ്. ഒരാഴ്ചമുമ്പ് രാത്രി കുടുംബം സഞ്ചരിച്ച വാഹനം കാനയിൽ വീണ് വീട്ടമ്മ മരിച്ചിരുന്നു. അപകടങ്ങൾ സംഭവിക്കുമ്പോഴും ഒരുവിധ സുരക്ഷ നടപടികളും സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല.