മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിൽ നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനുപിന്നാലെ മേഖലയിലെ മറ്റിടങ്ങളിൽ ഹെപ്പറ്റൈറ്റിസ്-ബി അടക്കമുള്ളവയും വ്യാപകമായി. പായിപ്ര പഞ്ചായത്തിൽ നിരവധി പേർക്കാണ് ഹെപ്പറ്റൈറ്റിസ്-ബി കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ മൂന്നുമുതൽ അഞ്ചുപേർ വരെ ദിനേന ചികിത്സ തേടുന്നുണ്ട്. ഇവിടെ നാലുപേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് എത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. മൂവാറ്റുപുഴയിലെ വിവിധ ആശുപത്രികളിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ആവോലി പഞ്ചായത്തിലെ അടൂപ്പറമ്പ്, രണ്ടാർ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ 16 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
ഹെപ്പറ്റൈറ്റിസ്-ബി വ്യാപകമാകുന്ന സാഹചര്യത്തിൽ രോഗബാധ തടയുന്നതിന് പ്രതിരോധ വാക്സിൻ എടുക്കാൻ ജനങ്ങൾ തയാറാകണമെന്ന് ഡോക്ടർമാർ പറയുന്നു. വാക്സിൻ ആദ്യ ഡോസ് എടുത്താല്‍ രണ്ടാം ഡോസ് ഒരുമാസം കഴിഞ്ഞും മൂന്നാമത്തേത് ആറുമാസം കഴിഞ്ഞുമാണ് എടുക്കുന്നത്. 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കിവരുന്നുണ്ട്. ക്ഷീണം, സന്ധിവേദന, ഇടവിട്ടുള്ള പനി, തലക്കറക്കം, ഛർദി, വിശപ്പില്ലായ്മ, വയറുവേദന, വയറിളക്കം, ശരീരത്തിന് മഞ്ഞനിറം, മൂത്രത്തിന് കടുത്ത നിറം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
രോഗം ഒരാള്‍ക്ക് വന്നാല്‍ ആ വീട്ടിലെ മറ്റ് അംഗങ്ങള്‍ക്കുകൂടി രോഗം വരാന്‍ സാധ്യത ഏറെയാണെന്നും ജനങ്ങളെ ബോധവത്കരിക്കുകയും വാക്സിനേഷന് നല്‍കുകയുമാണ് പ്രധാന പ്രതിരോധ പ്രവര്‍ത്തനമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. മൂവാറ്റുപുഴ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഹെപ്പറ്റൈറ്റിസ്-ബി അടക്കമുള്ളവ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സിൻ എല്ലാവരിലേക്കും എത്തിക്കാന്‍ നടപടി ആവശ്യപ്പെട്ട് മുൻ എം.എൽ.എ എൽദോ എബ്രഹാം ആരോഗ്യമന്ത്രിക്ക് കത്ത് നൽകി. കുറെ നാളുകളായി പായിപ്ര മേഖലയിൽ ഹെപ്പറ്റൈറ്റിസ്-ബി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിദഗ്ധ സംഘത്തെ നിയോഗിച്ച് രോഗം വർധിക്കാനുള്ള കാരണം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.