ആലുവ: സിൽവർ ലൈൻ വിനാശ പദ്ധതിയെ അനുകൂലിച്ച ഭരണപക്ഷ എം.എൽ.എമാരോടുള്ള പ്രതിഷേധ സൂചകമായി കെ റെയിൽ -സിൽവർ ലൈൻ വിരുദ്ധ സമരസമിതി നട്ട വാഴക്കുലയുടെ ലേലം ആലുവയിൽ നടന്നു. പഴങ്ങനാട് സ്വദേശി എം.പി. തോമസിന്റെ പുരയിടത്തിൽ നട്ട വാഴയുടെ കുലയാണ് 40300 രൂപക്ക് പുക്കാട്ടുപടി സ്വദേശി നിഷാദ് ലേലത്തിൽ പിടിച്ചത്. ലേലം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ലേലത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ സമരസമിതി സംസ്ഥാന രക്ഷാധികാരി സി.ആർ. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. സംസ്കൃത സർവകലാശാല മുൻ വൈസ്ചാൻസിലർ ഡോ. എം.സി.ദിലീപ്കുമാർ മുഖ്യാതിഥിയായിരുന്നു. സമരസമിതി മേഖല ചെയർമാൻ എൻ.എ.രാജൻ അധ്യക്ഷത വഹിച്ചു.”സിൽവർ ലൈൻ വേണ്ട, നവകേരളത്തിന്” എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച ഒപ്പ് ശേഖരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനവും നടന്നു. ആലുവ പൗരാവലി ശേഖരിച്ച ഒപ്പുകൾ സമരസമിതി സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദിന് കൈമാറി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ മുത്തലിബ് തുടങ്ങിയവർ നേതൃത്വം നൽകി.