പറവൂർ: ജനവാസ മേഖലയായ വാണിയക്കാട് മാവേലിപ്പാടത്തെ സോപ്പ് നിർമാണ ഫാക്ടറിയുടെ ആസിഡ് സംഭരണശാലക്ക് ചൊവ്വാഴ്ച അർധരാത്രി തീപിടിച്ചു. ആസിഡ് ഒഴുകി സമീപത്തെ പുരയിടത്തിൽ എത്തിയെങ്കിലും ജീവനക്കാർ ആരും സ്ഥലത്തില്ലാഞ്ഞതിനാൽ ആളപായമില്ല. രാത്രി 12.20 കാണപ്പെട്ട തീപുലർച്ച മൂന്നോടെയാണ് അഗ്നിരക്ഷാ സേനക്ക് ഭാഗികമായി അണക്കാൻ കഴിഞ്ഞതെന്ന് സമീപവാസികൾ പറഞ്ഞു.
ആസിഡിന്റെ ചെറിയൊരു ഭാഗത്തിന് മാത്രമാണ് തീപിടിച്ചത്. കൃത്യസമയത്ത് സമീപവാസി തീപിടിത്തം കണ്ടതുമൂലം വലിയ ദുരന്തം ഒഴിവായി. ആസിഡിൽ ചവിട്ടി ചിലർക്ക് പൊള്ളലേൽക്കുകയും ശ്വാസതടസ്സവും നേരിട്ടു. അഗ്നിരക്ഷാ സേന ഓഫിസർ വി.ജി. റോയിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
കോട്ടുവള്ളി പഞ്ചായത്ത് അഞ്ചാം വാർഡിലെ സോപ്പ് നിർമാണ ഫാക്ടറിക്കെതിരെ വർഷങ്ങളായി പരാതികളുമായി നാട്ടുകാർ രംഗത്തുണ്ട്.
സോപ്പ് നിർമാണത്തിന്റെ മറവിൽ മറ്റു ചില ഉൽപന്നങ്ങളാണ് ഇവിടെ ഉണ്ടാക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇപ്പോൾ ഹൈഡ്രോക്ലോറിക് ആസിഡ്, ക്ലോറിൻ ബ്ലീച്ച്, നൈട്രിക് ആസിഡ് എന്നിവ ശേഖരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുകയാണ്. രാസവസ്തുക്കളുടെ ദുർഗന്ധവും പുകയും കുട്ടികളെയും പ്രായമായവരെയും അസ്വസ്ഥരാക്കുന്നു. ഇടക്ക് പൊട്ടിത്തെറിയും ഉണ്ടാകാറുണ്ട്. സുരക്ഷ സംവിധാനം ഒരുക്കാതെ ജീവനും സ്വത്തിനും ഭീഷണിയായ കമ്പനി അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുംബൈയിൽനിന്ന് ടാങ്കറുകളിൽ എത്തിക്കുന്ന ആസിഡും രാസവസ്തുക്കളും ഭൂമിക്കടിയിലാണ് സൂക്ഷിക്കുന്നത്. യൂറിയയും ശേഖരിക്കുന്നുണ്ട്.
ജീവനക്കാർ എല്ലാം അന്തർസംസ്ഥാനക്കാരാണ്. സ്ഥാപനത്തിനെതിരെ നേരത്തേ കലക്ടർക്ക് പരാതി നൽകിയിരുന്നു. രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് പറയുന്നു.