പിറവം: മുൻ ധാരണപ്രകാരം ചെയർപേഴ്സൻ സ്ഥാനമൊഴിഞ്ഞ ഇടത് അംഗത്തിന്റെ വോട്ട് അസാധുവായതിനെത്തുടർന്ന് പിറവം നഗരസഭാ ഭരണം യു.ഡി.എഫിന് ലഭിച്ചു. പുതിയ ചെയർപേഴ്സനായി കോൺഗ്രസിലെ ജിൻസി രാജു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.
ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജിൻസി രാജുവിനും എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയുടെ അഡ്വ. ജൂലി സാബുവിനും തുല്യവോട്ട് ലഭിച്ചു.
തുടർന്ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് ജിൻസി രാജു വിജയിച്ചത്. നഗരസഭയുടെ ആറാം ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന ജിൻസി രാജു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
27 കൗൺസിലർമാരുള്ള നഗരസഭയിൽ 14 സീറ്റ് എൽ.ഡി.എഫിനും 13 സീറ്റ് യു.ഡി.എഫിനുമാണ്. സി.പി.എം പ്രതിനിധിയും സ്ഥാനമൊഴിഞ്ഞ ചെയർപേഴ്സനുമായ ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായതാണ് ഇരുമുന്നണിക്കും വോട്ട് തുല്യമാകാൻ കാരണം.
ആദ്യ രണ്ടര വർഷം സി.പി.എമ്മിനും ബാക്കി രണ്ടര വർഷം സി.പി.ഐക്കും ചെയർപേഴ്സൻ പദവി എന്ന ധാരണ പ്രകാരമാണ് പാർട്ടി നിർദേശമനുസരിച്ച് ഏലിയാമ്മ ഫിലിപ് രാജിവെച്ചത്. എന്നാൽ, ജൂലി സാബു ചെയർപേഴ്സനാകുന്നതിനെ എതിർത്തിരുന്ന ഏലിയാമ്മ ബാലറ്റ് പേപ്പറിന്റെ മറുവശത്ത് പേരെഴുതി ഒപ്പിടാതെ ബോധപൂർവം വോട്ട് അസാധുവാക്കുകയായിരുന്നത്രെ.
വരണാധികാരിയും വോട്ടിങ്ങിന് തൊട്ടുമുമ്പ് മുന്നണി കൗൺസിലർമാരും കൃത്യമായി നിർദേശങ്ങൾ നൽകിയിരുന്നതാണെന്ന് എൽ.ഡി.എഫ് വൃത്തങ്ങൾ പറയുന്നു.
വോട്ട് രേഖപ്പെടുത്തി പെട്ടിയിലിടുന്ന സമയത്തും ഇവരോട് മറുപുറത്ത് പേരെഴുതി ഒപ്പിട്ടില്ലേ എന്ന് ചോദിച്ചിരുന്നതായി സി.പി.ഐ കൗൺസിലർ അഡ്വ. വിമൽചന്ദ്രനും പറഞ്ഞു. തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണ് സി.പി.എം അംഗത്തിന്റേതെന്ന് സി.പി.ഐ ഏരിയ സെക്രട്ടറി അഡ്വ. ജിൻസ് പോൾ പ്രതികരിച്ചു.
തനിക്ക് ലഭിച്ച നഗരസഭാ അധ്യക്ഷപദവി ദൈവ നിശ്ചയമാന്നെന്നും ഉത്തരവാദിത്തബോധത്തോടെ ഭരണം നിർവഹിക്കുമെന്നും സത്യപ്രതിജ്ഞക്ക് ശേഷം ജിൻസി രാജു മാധ്യമങ്ങളോട് പറഞ്ഞു.