കാക്കനാട്: വിൽപനക്ക് കൊണ്ടുവന്ന 13.175 കിലോഗ്രാം കഞ്ചാവുമായി മൂന്ന് അന്തർസംസ്ഥാന തൊഴിലാളികളെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി. കാക്കനാട് ചിറ്റേത്തുകരയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ മാണിക് സേഖ് (23), സരിഫുൾ സേഖ് (28), നൂറിസ്ലാം (21) എന്നിവരാണ് പിടിയിലായത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ കുറച്ചുനാളായി നിരീക്ഷണത്തിലായിരുന്നു. മുർഷിദാബാദിൽനിന്ന് ട്രെയിൻ മാർഗം എത്തിക്കുന്ന കഞ്ചാവ് പാക്കറ്റുകളിലാക്കി കാക്കനാട് ഭാഗത്തുള്ള അന്തർസംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യുകയാണ് പതിവ്. ഇൻഫോപാർക്ക് എസ്.ഐ ബി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.