മൂവാറ്റുപുഴ: വീടിന് തീ പിടിച്ച് കിടപ്പ് രോഗിയായ വയോധിക മരിച്ചു. മേക്കടമ്പ് എൽ.പി സ്കൂളിന് സമീപം ഓലിക്കൽ സാറാമ്മ പൗലോസാണ് (80)മരിച്ചത്. കിടപ്പ് രോഗിയായ സാറാമ്മയുടെ മൃതദേഹം കട്ടിലിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ശനിയാഴ്ച രാവിലെ 9.30ഓടെയാണ് സാറാമ്മ കിടക്കുന്ന മുറിയിൽ തീ പിടിത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ ഫയർ ഫോഴ്സിൽ വിവരമറിയിച്ചു. എന്നാൽ ഫയർഫോഴ്സ് എത്തുമ്പോഴേക്കും അയൽവാസികൾ തീയണച്ചിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സാറാമ്മയും മകൻ ബിജുവും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മകൻ ജോലിക്ക് പോയ സമയമാണ് തീപിടിത്തമുണ്ടായത്. മൂവാറ്റുപുഴ പൊലീസ് മേൽ നടപടി സ്വീകരിച്ചു.