പി.എം.ശ്രീ: ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ പി.എം.ശ്രീ പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കെ വിഷയം ഇന്ന് മന്ത്രിസഭാ യോഗം പരിഗണനക്കെടുക്കും. യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പി.എം.ശ്രീ കൊണ്ടുവരാനാണ് നീക്കം. ഇതിനായി പ്രത്യേക കുറിപ്പ് തയ്യാറാക്കാൻ കഴിഞ്ഞദിവസം…

പി.എം.ശ്രീ: ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ പി.എം.ശ്രീ പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കെ വിഷയം ഇന്ന് മന്ത്രിസഭാ യോഗം പരിഗണനക്കെടുക്കും. യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പി.എം.ശ്രീ കൊണ്ടുവരാനാണ് നീക്കം.

ഇതിനായി പ്രത്യേക കുറിപ്പ് തയ്യാറാക്കാൻ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. വിഷയത്തിൽ തീരുമാനം വൈകിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് അറിയിച്ചതോടെയാണ് മന്ത്രിസഭ വിഷയം പരിഗണിക്കുന്നത്.പദ്ധതി വിശദമായി പഠിക്കാൻ മന്ത്രിസഭായോഗം ഉപസമിതിക്ക് രൂപം നൽകുമെന്നാണ് വിവരം. ഉപസമിതി രൂപീകരിച്ച കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും. ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും തുടര്‍നടപടികൾ.

അതേസമയം, അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട തുടർ തീരുമാനങ്ങളും യോഗത്തിൽ ചർച്ചയാകും. വി.ഡി. സതീശൻ സർക്കാർ അവതരിപ്പിക്കുന്ന ആദ്യ ബജറ്റിന് മുൻപുള്ള അവസാന മന്ത്രിസഭാ യോഗമാണ് ഇന്ന് ചേരുന്നത്.

പി.എം.ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നയപരമായ തീരുമാനം യു.ഡി.എഫ് സർക്കാർ വ്യക്തമാക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പദ്ധതി സംബന്ധിച്ച പൊതുസമൂഹത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്നും സർക്കാർ നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ പി.എം.ശ്രീയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കാതെ ഉരുണ്ടു കളിക്കുകയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.