കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് 140 മണ്ഡലത്തിൽ പര്യടനം പൂർത്തിയാക്കി. ജില്ലയിൽ രണ്ട് ഘട്ടത്തിലായി സംഘടിപ്പിച്ച നവകേരള സദസ്സിൽ 52,450 നിവേദനമാണ് ലഭിച്ചത്. നവംബർ 18ന് കാസർകോടുനിന്ന് ആരംഭിച്ച പര്യടനം കുന്നത്തുനാട് മണ്ഡലത്തിലാണ് സമാപിച്ചത്. ഡിസംബർ ഒമ്പതിനായിരുന്നു തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിൽ നവകേരള സദസ്സ് തീരുമാനിച്ചിരുന്നത്.
എന്നാൽ, കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിലേക്ക് മാറ്റിയത്. എല്ലാ മണ്ഡലത്തിലും തിരക്കുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടി സ്വീകരിക്കും.
പറവൂർ നവകേരള സദസ്സ്: ഒന്നിനും കണക്കില്ല
പണം പിരിച്ചതിനും ചെലവഴിച്ചതിനും രേഖയൊന്നുമില്ലെന്ന് വിവരാവകാശ അപേക്ഷക്ക് മറുപടി
പറവൂർ: പറവൂരിലെ നവകേരള സദസ്സിന് ഫണ്ട് സമാഹരിച്ചതിന്റെയും ചെലവഴിച്ചതിന്റെയും ഒരു രേഖയും സൂക്ഷിച്ചിട്ടില്ലെന്ന് വിവരാവകാശ അപേക്ഷക്ക് മറുപടി. സംഘാടക സമിതി ജോയന്റ് കൺവീനറായ പറവൂർ തഹസിൽദാർ ടോമി സെബാസ്റ്റ്യനാണ് മറുപടി നൽകിയത്. മുൻ എം.എൽ.എ പി. രാജു ചെയർമാനും ഫോർട്ട്കൊച്ചി ആർ.ഡി.ഒ പി. വിഷ് ണു രാജ് കൺവീനറുമായ സംഘാടക സമിതിയിൽ ട്രഷറർ ഇല്ല. തഹസിൽദാറുടെ ഓഫിസിൽ നവകേരള സദസ്സുമായി ബന്ധപ്പെട്ട രേഖയൊന്നും ഇല്ലെന്നാണ് മറുപടിയിൽ പറയുന്നത്.
അതേസമയം, തഹസിൽദാറുടെ നിർദേശപ്രകാരം ഒരു ലക്ഷം രൂപ നഗരസഭ തന്നത് ഫണ്ടിൽനിന്ന് അനുവദിച്ചതായും ഈ തുക പന്തലിന് മുൻകൂറായി അങ്കമാലിയിലെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന് കൈമാറിയതായും നഗരസഭ സെക്രട്ടറി വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു. അങ്കമാലിയിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനാണ് തുക നൽകിയത്.
എന്നാൽ, പന്തൽ പണിയും മറ്റു സജ്ജീകരണവും ഒരുക്കിയത് പറവൂരിൽ തന്നെയുള്ള മറ്റൊരു സ്ഥാപനമാണ്. യൂത്ത് കോൺഗ്രസ് പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ. ശ്രീരാജാണ് വിവരങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. ഇത് സംബന്ധിച്ച് ആർ.ഡി.ഒക്കും വിജിലൻസിലും പരാതി നൽകുമെന്ന് നഗരസഭ മുൻ ചെയർമാൻ കൂടിയായ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രമേഷ് ഡി. കുറുപ്പ് പറഞ്ഞു.