ആലുവ: തിരുവനന്തപുരത്തെ പൊലീസിന്റെ അനാസ്ഥയ്ക്ക് പിഴയടക്കേണ്ടി വന്നത് ആലുവയിലെ സ്കൂൾ വാൻ ഡ്രൈവർ. ആലുവ ഉളിയന്നൂർ സ്വദേശി സിദ്ദീഖിനാണ് ആരുടെയോ പിഴയടക്കേണ്ടി വന്നത്.
കെ.എൽ 20 എഫ് 6067 എന്ന ബൈക്കാണ് നിയമലംഘനം നടത്തിയതായി കാമറ ഒപ്പിയെടുത്തത്. എന്നാൽ, 6067ന് പകരം 6063 എന്ന നമ്പറിനാണ് പിഴയടക്കണമെന്ന നോട്ടീസ് അയച്ചത്. സിദ്ദീഖ് മുൻ വാഹന ഉടമയുടെ പേര് മാറ്റാൻ ആർ.ടി ഓഫിസിൽ ചെന്നപ്പോഴാണ് പിഴയുണ്ടെന്നറിഞ്ഞത്. തുടർന്ന് തന്റേത് സ്കൂൾ വാഹനമാണെന്നും ചിത്രത്തിലുള്ളത് ബൈക്കാണെന്നും ചൂണ്ടിക്കാട്ടിയപ്പോൾ തിരുവനന്തപുരം പൊലീസുമായി ബന്ധപ്പെടാനായിരുന്നു നിർദേശം. എന്നാൽ, കേസ് കോടതിക്ക് കൈമാറിയെന്നും തിരുത്താൻ നടപടിക്രമങ്ങളേറെയുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇതിന് ചെലവേറുമെന്നതിനാൽ ചെയ്യാത്ത കുറ്റത്തിന് 250 രൂപ പിഴയടച്ചിരിക്കുകയാണ് സിദ്ദിഖ്.