
പൂപ്പാനി റോഡില്‍ വാച്ചാല്പാടം ഭാഗത്ത് അപകടകരമാംവിധം നിര്‍ത്തിയിട്ടിരിക്കുന്ന ചരക്കുലോറികള്‍
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിന്ന് പൂപ്പാനി വഴി അയ്മുറിയിലേക്കുള്ള റോഡില്‍ വാച്ചാല്പ്പാടം ഭാഗത്ത് അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള ഭാരവാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതായി ആക്ഷേപം. പകലോ രാത്രിയോ എന്നില്ലാതെ റോഡിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ മിക്കവാറും വലിയ വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകും.
തൊട്ടടുത്തെ ഗോഡൗണുകളിലേക്ക് പ്രവേശിക്കുന്നതിനായി ഊഴം കാത്തുകിടക്കുന്ന ഈ ചരക്കുവാഹനങ്ങള്‍ മറ്റ് വാഹനയാത്രക്കാര്‍ക്ക് രണ്ടുദിശയിലേക്കും സുഗമമായി സഞ്ചരിക്കുന്നതിന് തടസ്സമാണ്. ഈയടുത്ത കാലത്താണ് മഴക്കാലത്ത് വെള്ളക്കെട്ടുണ്ടായിരുന്ന ഇവിടെ പ്രത്യേകം പാലങ്ങള്‍ നിര്‍മിച്ച് മണ്ണിട്ട് റോഡിന്റെ ഉയരം കൂട്ടി സിമന്റുകട്ടകള്‍ പാകി വീതികൂട്ടി സഞ്ചാരയോഗ്യമാക്കിയത്.
റോഡിന്റെ മുക്കാല്‍ ഭാഗവും ലോറികൾ നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ മറുപകുതിയിലൂടെ രണ്ടു ദിശയിലേക്കും പോകുന്ന വാഹനങ്ങൾ അപകടത്തില്‍പ്പെടാൻ സാധ്യതയുള്ളതായി ചൂണ്ടികാണിക്കപ്പെടുന്നു. കണ്ടയ്നര്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കൂട്ടത്തോടെ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത സ്തംഭനത്തിനും ഇടയാക്കുന്നുണ്ട്.
റോഡിന്റെ വശങ്ങളില് ബലവത്തായ കൈവരികളില്ലാത്തതിനാല്‍ ശ്രദ്ധ തെറ്റിയാല്‍ പെരുമ്പാവൂര്‍ ഭാഗത്തും നിന്നുള്ള വാഹനങ്ങള്‍ പതിക്കുന്നത് അഞ്ചടി താഴ്ചയുള്ള പാടത്തേക്കായിരിക്കുമെന്നത് പാര്‍ക്ക് ചെയ്യുന്ന ഡ്രൈവര്‍മാര്‍ ഗൗനിക്കുന്നില്ല. രാത്രികാലങ്ങളില്‍ വെളിച്ചം തീരെയില്ലെന്ന് മാത്രമല്ല ആവശ്യമായ സൈന്‍ ബോര്‍ഡുകളൊ മുന്നറിയിപ്പുകളോ പ്രദര്‍ശിപ്പിച്ചിട്ടുമില്ല. കോടനാട് സ്റ്റേഷന് പരിധിയിലുള്ള ഈ വഴിയിലൂടെ പട്രോളിങ് പതിവുള്ളതാണെങ്കിലും അനധികൃത പാര്‍ക്കിങ് പൊലീസുകാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
+ There are no comments
Add yours