കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ മേൽപാലത്തിൽ ഓട്ടത്തിനിടെ കാർ പൂർണമായും കത്തിനശിച്ചു. യാത്രക്കാരൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡി.സി.സി മുൻ ജന.സെക്രട്ടറി സക്കറിയ്യ കട്ടിക്കാരന്റെ സുസുകി എസ് ക്രോസ് കാറാണ് കത്തിനശിച്ചത്. ഇദ്ദേഹം മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പാലത്തിനു മധ്യത്തിൽവെച്ച് ആംബുലൻസിനായി കാർ ഒതുക്കിയപ്പോൾ, ആംബുലൻസ് ഡ്രൈവറാണ് പിറകിൽ തീപിടിക്കുന്ന കാര്യം ശ്രദ്ധയിൽപെടുത്തിയത്. ഉടൻ കാറിൽനിന്നിറങ്ങിയ സക്കറിയ, ടൗൺഹാൾ മെട്രോ സ്റ്റേഷൻ ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ സഹായത്തോടെ പുറത്തുനിന്ന് വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എറണാകുളം സെൻട്രൽ പൊലീസ്, ഗാന്ധിനഗർ ക്ലബ് റോഡ് അഗ്നിരക്ഷാ സേന എന്നിവിടങ്ങളിൽ വിവരമറിയിച്ചു.
തുടർന്ന് ഇരുസ്റ്റേഷനുകളിൽ നിന്നുമായി അഗ്നിരക്ഷാ യൂനിറ്റുകളെത്തിയാണ് തീയണച്ചത്. ഇതിനിടെ കാർ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണ് കാർ കത്തിയതെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം.
വൈകീട്ട് ലിസി ആശുപത്രിക്കു സമീപമുള്ള സർവിസ് സ്റ്റേഷനിൽനിന്ന് സാധാരണ സർവിസിനു ശേഷം വർക്ക് ഷോപ് ജീവനക്കാരൻ വീട്ടിലെത്തിച്ച കാറിൽ ഭാര്യയെ ജോലി സ്ഥലത്തുനിന്ന് കൂട്ടാൻ പോകുന്ന വഴിക്കായിരുന്നു അപകടമെന്ന് കാർ ഉടമ പറഞ്ഞു.
അപകടത്തെ തുടർന്ന് കലൂർ-കച്ചേരിപ്പടി റോഡിൽ ഏറെനേരം ഗതാഗത സ്തംഭനമുണ്ടായി. ഒരു മണിക്കൂറിലേറെ കഴിഞ്ഞാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഗാന്ധിനഗർ അഗ്നിരക്ഷാ നിലയത്തിൽനിന്ന് അസി.ഫയർ ഓഫിസർ പി. ഷിബു, സീനിയർ ഫയർ ഓഫിസർ സുഭാഷ്, മനോജ്കുമാർ, വി.ടി. രാജേഷ്, അരുൺ സത്യൻ, സുനിൽകുമാർ എന്നിവരും ക്ലബ് റോഡിൽനിന്ന് സീനിയർ ഫയർ ഓഫിസർ കെ.വി. ശ്രീകുമാർ, കെ.എ. ഉപാസ്, മനുകുമാർ, സി.എസ്. വിനിൽ, സൂരജ്, വിപിൻ ചന്ദ്ര, മനുപ്രസാദ്, വി.കെ. പ്രസാദ് എന്നിവരും തീയണക്കലിന് നേതൃത്വം നൽകി.