
പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ചീട്ട് എടുക്കാന്‍ നില്ക്കുന്നവരുടെ നിര
പെരുമ്പാവൂര്‍: നൂറുകണക്കിന് രോഗികളുടെ ആശ്രയമായ താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് സൗകര്യവും ഡോക്ടര്‍മാരും ഇല്ലെന്ന് ആക്ഷേപമുയരുന്നു. ഡോക്ടര്‍മാരുടെ സേവനം, സ്ഥല സൗകര്യമില്ലാത്തത് ഉള്‍പ്പടെ പരാതികള്‍ വ്യാപകമാണ്. ഡോക്ടറെ കാണാന്‍ ചീട്ട് എടുക്കുന്നത് മുതല്‍ മരുന്ന് വാങ്ങുന്നതിന് വരെ രോഗികൾ വലയുന്നു. ബോയ്സ് ഹയര്‍ സെക്കന്‍ഡറി റോഡിലെ കവാടം കടന്നുചെല്ലുന്ന ഭാഗത്തെ പഴയ കെട്ടിടത്തിലാണ് കൗണ്ടര്‍ ഒരുക്കിയിരിക്കുന്നത്.
പുതിയ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇവിടെ താല്‍ക്കാലിക സൗകര്യമൊരുക്കിയത്. മഴയും വെയിലും കൊളളാതെ നില്‍ക്കാനുള്ള സൗകര്യമില്ല. മരുന്ന് കൊടുക്കുന്ന ഫാര്‍മസി പ്രവര്‍ത്തിക്കുന്നത് പഴയ കെട്ടിടത്തിലാണ്. കോടികള്‍ മുടക്കി പണി തീര്‍ത്ത കെട്ടിടത്തിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താതെ രോഗികളെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയാണിവിടെ.
പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ഡോക്ടര്‍മാരുടെ കൺസൾട്ടിങ് മാത്രമാണെന്നും അത്യാഹിത വിഭാഗം ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്നത് പഴയ കെട്ടിടങ്ങളിലെ അസൗകര്യങ്ങളിലാണെന്നും രോഗികള്‍ ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയുടെ പ്രധാന കവാടമായ എ.എം റോഡില്‍ നിന്നുള്ള ഭാഗം തുറന്നുകൊടുക്കാത്തത് വിനയാണ്. മറ്റ് പല സ്ഥലങ്ങളില്‍ നിന്നും രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ വഴി അറിയാതെ ബുദ്ധിമുട്ടുന്നത് പതിവാണ്.
മുന്‍വശം തുറന്നുകൊടുക്കാത്താത് പലപ്പോഴും പ്രതിഷേധത്തിന് ഇടയായിട്ടുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. ഓർത്തോ, ഇ.എന്‍.ടി, സര്ജന് വിഭാഗങ്ങളില്‍ പലപ്പോഴും ഡോക്ടര്‍മാരുടെ സേവനമില്ല. രാത്രിയില്‍ ഒന്നിലധികം ഡ്യൂട്ടി ഡോക്ടര്‍മാരുടെ സേവനം അനിവാര്യമാണ്. ഡോക്ടറെ കാണാന്‍ രോഗികള്‍ തടിച്ചുകൂടി നില്‍ക്കുന്നതിനിടെ പൊലീസുകാര്‍ പ്രതികളുമായി വൈദ്യപരിശോധനക്കെത്തുന്നതും പതിവാണ്. ഇതിനിടെ രോഗികള്‍ കാത്തുനിന്ന് അവശരാകും. ഒരു ഡോക്ടറുടെ സേവനം കൂടി ഉണ്ടെങ്കില്‍ ഇതിന് പരിഹാരമാകുമെന്ന് ജീവനക്കാര്‍ ഉള്‍പ്പടെ പറയുന്നു. ആശുപത്രിയുടെ നല്ല നടത്തിപ്പിന് നഗരസഭയും എം.എല്‍.എയും കാര്യമായി ഇടപെടല്‍ നടത്തണമെന്ന ആവശ്യം ശക്തമാണ്.