
അനൂപിനെ യുവതിയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
തൃപ്പൂണിത്തുറ: ചോറ്റാനിക്കരയിലെ പോക്സോ കേസ് അതിജീവിതയെ ഗുരുതരമായി ആക്രമിച്ച കേസിൽ അറസ്റ്റിലായ ആൺസുഹൃത്ത് അനൂപിനെ യുവതിയുടെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. യുവതിയെ മർദിക്കാൻ ഉപയോഗിച്ച ചുറ്റികയും യുവതിയുടെ വസ്ത്രവും ഷാൾ മുറിക്കാൻ ഉപയോഗിച്ച കത്തിയും പൊലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തു. പരസ്പരമുള്ള സംശയം മൂലം ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ പതിവായിരുന്നെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
സംഭവ ദിവസം യുവതിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനാൽ വീട്ടിലേക്ക് അന്വേഷിച്ച് വന്നതാണെന്നും വീട്ടിലെത്തിയപ്പോൾ വീടിനുപുറത്ത് മറ്റൊരു യുവാവിനെ കണ്ടെന്നും അനൂപ് പറഞ്ഞു. ഇയാളെ യുവതി വിളിച്ചു വരുത്തിയതാകാമെന്ന് കരുതി അനൂപ് യുവതിയെ മർദിക്കുകയായിരുന്നു. ഇതിനിടെ, ശാരീരിക ബന്ധത്തിനും നിർബന്ധിച്ചെങ്കിലും യുവതി സമ്മതിക്കാതിരുന്നതോടെ അതിക്രൂരമായി മർദിച്ചു. തല ഭിത്തിയിൽ ഇടിപ്പിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു.
ഇതേതുടർന്ന് താൻ മരിക്കാൻ പോകുകയാണെന്നുപറഞ്ഞ് യുവതി ഫാനിൽ കുരുക്കിട്ടപ്പോൾ പോയി ചത്തോ എന്ന് താൻ പറഞ്ഞതായി അനൂപ് പറഞ്ഞു. തൂങ്ങിയ യുവതി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ ഷാൾ മുറിച്ച് താഴെയിട്ടുവെന്നും ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചുവെന്നും യുവതി മരിച്ചെന്ന് കരുതി വീടിന്‍റെ പിന്നിലൂടെ കടന്നുകളയുകയായിരുന്നുവെന്നുമാണ് പൊലീസിനോട് പറഞ്ഞത്.
ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഈ ബന്ധത്തെ യുവതിയുടെ മാതാവ് എതിർത്തിരുന്നെങ്കിലും അനൂപ് മിക്കപ്പോഴും യുവതിയുടെ വീട്ടിലെത്തി മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു. ലഹരിക്ക് അടിമയായ ഇയാൾ യുവതിക്കും ലഹരി നൽകിയിരുന്നതായും പറയുന്നു. തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.