
കൊച്ചി: സംഘടനാപരമായ നേട്ടങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാൻ കഴിയാത്തത് തരിച്ചടിയെന്ന വിമർശനവുമായി സി.പി.എം സംഘടന റിപ്പോർട്ട്. ജില്ല സമ്മേളനത്തിന്റെ ഭാഗമായി സെക്രട്ടറി സി.എൻ. മോഹനൻ അവതരിപ്പിച്ച സംഘടന റിപ്പോർട്ടിലാണ് ഇതടക്കം ജില്ലയിലെ സംഘടന രംഗത്തെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത്. പാർട്ടി സംവിധാനം ഭേദപ്പെട്ട നിലയിൽ പ്രവർത്തിക്കുമ്പോഴും ഇത് ജില്ലയിലെ തെരഞ്ഞെടുപ്പ് രംഗത്ത് നേട്ടമാക്കാൻ കഴിയുന്നില്ലെന്നതാണ് പ്രധാന വിമർശനം. തദ്ദേശ-നിയമസഭാ-ലോക്സഭ തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനമാണ് വിമർശനത്തിനാധാരം. വർഗ ബഹുജന സഘടനകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നതും റിപ്പോർട്ടിലുണ്ട്. എന്നാൽ തെരഞ്ഞെടുപ്പുകൾ അടിക്കടി വന്നപ്പോൾ പാർട്ടിക്ക് ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാൻ കഴിയാത്തതാണ് ഇതിൽ പ്രധാനകാരണമെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്.
ജില്ലയിൽ പാർട്ടിക്ക് കീഴിലുളള പാലിയേറ്റീവ് സംവിധാനമടക്കമുളളവയുടെ പ്രവർത്തനം മികച്ച രീതിയിലാണ്. ഇതോടൊപ്പം മുഴുവൻ സമയപ്രവർത്തകരുടെ എണ്ണത്തിലും വർധനവ് വന്നിട്ടുണ്ട്. 16 ഏരിയ കമ്മിറ്റികളിലായി 327 ഏരിയ കമ്മിറ്റി അംഗങ്ങൾ ഉളളതിൽ 245 പേർ മുഴുവൻ സമയ പാർട്ടി അംഗങ്ങളാണ്. 117 പേർ പട്ടികജാതി-വർഗ വിഭാഗത്തിൽ നിന്നുളളവരുമാണ്. റിപ്പോർട്ടിന്മേൽ ഇന്നലെയും ഇന്നുമായി ചർച്ച നടക്കും. അതേസമയം പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കാനുളള കർമ പദ്ധതികളാണ് സമ്മേളനം ആസൂത്രണം ചെയ്യുകയെന്ന് സംസ്ഥാന സമിതിയംഗം എസ്. സതീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ പാർട്ടി വളർച്ചയുടെ പാതയിലാണ്. 43,683 അംഗങ്ങളാണ് പാർട്ടിക്കുളളത്. സംഘടന പരമായി ഏകമനസോടെയാണ് പോകുന്നത്. പ്രാദേശിമായ ചില പ്രശ്നങ്ങളൊഴിച്ചാൽ വിഭാഗീയത പൂർണമായിഅവസാനിച്ചതായും അദ്ദേജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ്, സി.ബി. ദേവദർശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.