
എറണാകുളം മഹാരാജാസ് കോളജിൽ പ്രഫ. എം.കെ. സാനുമാഷ് ക്ലാസെടുക്കുന്നു
കൊച്ചി: പ്രഫ. എം.കെ. സാനു ഒരിക്കൽ കൂടി തങ്ങളുടെ പ്രിപ്പെട്ട മാഷായി ക്ലാസ് മുറിയിലെത്തിയപ്പോൾ തലനരച്ച പൂർവവിദ്യാർഥികളടക്കം അച്ചടക്കമുള്ള കുട്ടികളായി. ദീർഘകാലം അധ്യാപകനായിരുന്ന കലാലയത്തിൽ വീണ്ടും ക്ലാസെടുക്കണമെന്ന എം.കെ. സാനുവിന്റെ ആഗ്രഹം കൂടിയാണ് സഫലമായത്. കുമാരനാശാന്റെ കാവ്യസങ്കല്പം എന്ന വിഷയത്തിൽ ക്ലാസെടുക്കാനാണ് സാനു വ്യാഴാഴ്ച മഹാരാജാസ് കോളജിൽ വീണ്ടും അധ്യാപകനായത്. മുന്നിൽ ബി.എ, എം.എ മലയാളം വിദ്യാർഥികളും പൂർവവിദ്യാർഥികളും.
കൊച്ചിൻ സർവകലാശാല റിട്ട. പ്രഫസർ അമ്പാട്ട് വിജയകുമാറിനോടാണ് സാനു ക്ലാസെടുക്കാനുള്ള ആഗ്രഹം അറിയിച്ചത്. തുടർന്ന് അലുംനി കണക്ട് സെല്ലിന്റെയും മഹാരാജാസ് അലുംനി അസോസിയേഷന്റെറെയും ആഭിമുഖ്യത്തിൽ മലയാളവിഭാഗം ഇതിന് അവസരം ഒരുക്കുകയായിരുന്നു. ആശാന്റെ കവിതകളെ ലോകസാഹിത്യത്തിന്റെയും മലയാളസാഹിത്യത്തിന്റെയും പശ്ചാത്തലത്തിൽ അവതരിപ്പിച്ച സാനു, കുമാരനാശാന്റെ കഥാപാത്രങ്ങളെല്ലാം അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് കടന്നുപോയവരാണെന്ന് പറഞ്ഞു. ആശാന്റെ ജീവചരിത്രകാരൻ കൂടി ആയതിനാൽ നോട്ടുബുക്കുകൾ നേരിട്ട് പരിശോധിച്ച അനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ക്ലാസ്സെടുത്തത്.
വീണപൂവ്, ലീല, നളിനി, ദുരവസ്ഥ, കരുണ, ചിന്താവിഷ്ടയായ സീത തുടങ്ങിയ ആശാൻ കൃതികളിൽ നിന്നുള്ള നിരവധി വരികൾ അദ്ദേഹം ഉദ്ധരിച്ചു. വായനയിലൂടെ രൂപപ്പെടുന്ന ആസ്വാദകർക്ക് മാത്രമേ എഴുത്തുകാരും നല്ല വിമർശകരുമാകാൻ കഴിയൂ എന്ന് പുതിയ തലമുറയിലെ വിദ്യാർഥികളെ ഓർമപ്പെടുത്തി. ഒന്നര മണിക്കൂർ നീണ്ട ക്ലാസിന് ശേഷം വിദ്യാർഥികൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് അദ്ദേഹം മടങ്ങിയത്. വകുപ്പധ്യക്ഷ പ്രഫ. ഡോ. സുമി ജോയി ഓലിയപ്പുറം, പി.ടി.എ സെക്രട്ടറി ഡോ. എം.എസ്. മുരളി, ഗവേണിങ് ബോഡി അംഗം സിമി കെ. വിജയൻ എന്നിവർ നേതൃത്വം നൽകി.