
കൊച്ചി: തൊഴിൽരഹിതരുടെ കൈപിടിച്ച് എംപ്ലോയബിലിറ്റി സെന്റർ. ഒരു വർഷത്തിനിടെ തൊഴിൽ ലഭിച്ചത് മൂവായിരത്തോളം പേർക്ക്.സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള എംപ്ലോയ്മന്റെ് എക്സ്ചേഞ്ചുകളോടനുബന്ധിച്ച് ജില്ല തലത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററുകളാണ് തൊഴിൽ രഹിതർക്ക് കൈതാങ്ങാകുന്നത്. ജില്ലയിൽ ഇതുവഴി കഴിഞ്ഞ ഒരു വർഷത്തിനിടെ മൂവായിരത്തോളം ഉദ്യോഗാർഥികളാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടിയത്. ഇവർ നടത്തുന്ന തൊഴിൽ മേളകൾക്കായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണവും ഏറെയാണ്.
ഉേദ്യാഗാർഥികൾക്കായി പരിശീലനവും കൗൺസലിങ്ങും
ജില്ല എംപ്ലോയ്മൻറ് എക്സ്ചേഞ്ചുകളോട് ചേർന്ന് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററുകളിൽ ഉദ്യോഗാർഥികൾ നേരിട്ടെത്തിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്നവർക്കായി കൗൺസലിങും പരിശീലനവും നൽകും. വിവിധ ജോലികൾക്കായുള്ള ഇൻറർവ്യൂകളെ വിജയകരമായി നേരിടാനുള്ള പരിശീലനമാണ് ഇതിൽ പ്രധാനം. ഒപ്പം കമ്പൂട്ടർ പരിജ്ഞാനം ഉൾപ്പെടെ വർധിപ്പിക്കാനുള്ള പരിശീലനവും നൽകും. പത്താംക്ലാസ് മുതൽ മുകളിലേക്ക് എത്ര വലിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ഇവിടെ രജിസ്റ്റർ ചെയ്യാം. പ്രായപരിധിയോ വിദ്യാഭ്യാസ യോഗ്യതയോ വകുപ്പ് മാനദണ്ഡമാക്കുന്നില്ല. എന്നാൽ, വിവിധ കമ്പനികൾ ഓരോ തസ്തികകളിലേക്ക് വേണ്ട ഉദ്യോഗാർഥികളുടെ പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും നിശ്ചയിച്ചിട്ടുണ്ടെന്നതിനാൽ വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവർക്കും പ്രായം കൂടിയവർക്കും രജിസ്ട്രേഷനിൽ പ്രതികരണം കുറവാണ്.
അവസരങ്ങൾ തുറന്ന് തൊഴിൽ മേളകൾ
രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കായി വർഷത്തിൽ ചെറുതും വലുതുമായ നിരവധി തൊഴിൽമേളകളാണ് സംഘടിപ്പിക്കുന്നത്. ഇത് ഓഫിസിനുള്ളിലും പുറത്തുമെന്നുള്ള രീതിയിലാണ് ക്രമീകരണം. ഓഫിസിനകത്ത് നാലോ അഞ്ചോ കമ്പനികളെ പങ്കെടുപ്പിച്ച് മൂന്നോ നാലോ മാസം കൂടുമ്പോഴാണ് മേളകൾ സംഘടിപ്പിക്കുന്നത്. വർഷത്തിൽ ഒരു വട്ടം മെഗതൊഴിൽ മേളയും സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ആഗസ്റ്റിൽ കുസാറ്റിൽ നടന്ന മെഗ തൊഴിൽ മേളയിൽ 80ഒാളം കമ്പനികളും 5000 ലധികം ഉദ്യോഗാർഥികളുമാണ് പങ്കെടുത്തത്. ഇതിൽ നിന്ന് രണ്ടായിരത്തോളം പേരെ വിവിധ കമ്പനികൾ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. വകുപ്പിന് കീഴിലുള്ള മോഡൽ കരിയർ സെന്റർ, കരിയർ ഡെവലപ്മന്റെ് സെന്റർ എന്നിവയും തൊഴിൽ മേളകളിൽ പങ്കാളിത്തം വഹിക്കുന്നുണ്ട്. സെയിൽസ്, മാർക്കറ്റിങ്. അക്കൗണ്ടിങ്, ഫിനാൻസിങ്, ഐ.ടി മേഖലകളിലേക്കാണ് ഉദ്യോഗാർഥികളെ തേടി കമ്പനികളെത്തുന്നത്.
‘കളറ’ല്ല കാര്യങ്ങൾ
തൊഴിൽ മേളകളിലൂടെ ഉദ്യോഗാർഥികൾക്ക് നിയമനം നൽകുമ്പോഴും സേവന-വേതന വ്യവസ്ഥകളിലെ അപര്യാപ്തത പലപ്പോഴും ഉദ്യോഗാർഥികൾക്ക് തലവേദനയാകുന്നുണ്ട്. നിയമനം സംബന്ധിച്ച മുഴുവൻ കാര്യങ്ങളിലും അന്തിമ തീരുമാനങ്ങളുമെടുക്കുക കമ്പനികളാണ്.
വകുപ്പിനാകട്ടെ സംഘാടന ചുമതല മാത്രമാണ്. അതുകൊണ്ട് തന്നെ നിയമനം ലഭിക്കുന്നവർ തുടരാത്തതും ജോലിയിൽ ചേരാത്തതും മേളകളുടെ നിറം കെടുത്തുന്നുണ്ട്. സെയിൽസ്-മാർക്കറ്റിങ് രംഗത്തെ കമ്പനികളാകട്ടെ ഇത് മുതലെടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് പരാതി.