
കൊച്ചി: 11കാരൻ അബദ്ധത്തിൽ വിഴുങ്ങിയ തയ്യൽ സൂചി രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തു. പല്ലിനിടയിൽ കുടുങ്ങിയ ഭക്ഷണപദാർഥം നീക്കുന്നതിനിടെയായിരുന്നു അപകടം.
അമ്മയുടെ തയ്യൽ മെഷീനിന്റെ സൂചി ഉപയോഗിച്ചാണ് കുട്ടി പല്ല് വൃത്തിയാക്കാൻ ശ്രമിച്ചത്. നെല്ലിക്കുഴി സ്വദേശിയായ കുട്ടിയെ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്നാണ് വിദഗ്ധ പരിശോധനക്ക് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ എത്തുമ്പോൾ സൂചി ആമാശയം കടന്ന് ചെറുകുടലിൽ തറച്ച നിലയിലായിരുന്നു.
എൻഡോസ്കോപ്പ് ഉപയോഗിച്ച് ചെറുകുടലിൽനിന്ന് സൂചി സുരക്ഷിതമായി നീക്കി. ഡോ. ഫിലിപ് അഗസ്റ്റിന്റെ മേൽനോട്ടത്തിൽ ഡോ. തരുൺ ടോം ഉമ്മൻ, ഡോ. സാൻജോ ജോൺ, ഡോ. നിബിൻ നഹാസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. എസ്. അശ്വതി, എൻഡോസ്കോപ്പി ടെക്നീഷ്യൻമാരായ വിഷ്ണു സദാനന്ദൻ, സി.എ. അഷിത എന്നിവർ പങ്കാളികളായി.