കൊച്ചി: പരീക്ഷണ ഓട്ടം വിജയകരമായതോടെ മെട്രോ നഗരിയിലെ നിരത്തുകൾ ഇനി ഇ-ബസുകൾ കൈയടക്കും. വിവിധ മെട്രോസ്റ്റേഷനുകളില്‍നിന്നുള്ള ‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സർവിസ് അടുത്ത ആഴ്ച ആരംഭിക്കും.
ആലുവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശ്ശേരി-മെഡിക്കല്‍ കോളജ്, ഹൈകോടതി- എം.ജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്ര പാര്‍ക്ക്-കലക്ടറേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ സർവിസ്. കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനായാണ് 15 ഇലക്ട്രിക് ബസുകള്‍ വാങ്ങി കൊച്ചി മെട്രോ സർവിസ് നടത്തുന്നത്.
ഒരുങ്ങുന്നത് പരിസ്ഥിതി സൗഹൃദയാത്ര
സുഖകരമായ യാത്രക്ക് കൊച്ചി മെട്രോയിലേതിന് സമാനമായ പരിസ്ഥിതിക്ക് ഇണങ്ങുന്ന സൗകര്യങ്ങളോടെയാണ് ഇ-ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റാണ് ബസിലുള്ളത്. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍. ഡിജിറ്റല്‍ പേയ്മെന്റ് വഴിയാണ് ടിക്കറ്റിങ്. കാഷ് ട്രാന്‍സാക്ഷനും ഉണ്ട്.
എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശ്ശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കലക്ടറേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈകോടതി റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സർവിസ് നടത്തുക. ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബസിലെ യാത്ര നിരക്ക്.
യാത്രാക്ലേശത്തിന് പരിഹാരം
കളമശ്ശേരി മെഡിക്കൽ കോളജ് റൂട്ടിലടക്കം യാത്രാക്ലേശത്തിന് പരിഹാരമാകുന്ന രീതിയിലാണ് ബസുകളുടെ വരവ്. രാവിലെ 6.45ന് സര്‍വിസ് ആരംഭിക്കും. എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റ് ഇടവിട്ടും സര്‍വിസുണ്ടാകും. രാത്രി 11നാണ് എയര്‍പോര്‍ട്ടില്‍നിന്ന് ആലുവയിലേക്കുള്ള അവസാന ബസ്.
കളമശ്ശേരി-മെഡിക്കല്‍ കോളജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകീട്ട് 7.30 വരെയാണ് സർവിസ്. കാക്കനാട് വാട്ടർ മെട്രോ-കിൻഫ്ര പാര്‍ക്ക്-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ഏഴ് വരെ 25 മിനിറ്റ് ഇടവിട്ടും കാക്കനാട് വാട്ടർ മെട്രോ -കലക്ടറേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ടും എട്ട് മുതല്‍ വൈകീട്ട് 7.30 വരെ സര്‍വിസ് ഉണ്ടാകും. ഹൈകോര്‍ട്ട്-എം.ജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയും കടവന്ത്ര കെ.പി വള്ളോന്‍ റോഡ്-പനമ്പിള്ളി നഗർ റൂട്ടില്‍ 25 മിനിറ്റ് ഇടവിട്ട് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഏഴ് വരെയും സർവിസ് ഉണ്ടാകും.
+ There are no comments
Add yours