
കൊച്ചി: കൊച്ചി മെട്രോയുടെ (കെ.എം.ആർ.എൽ) പ്രവർത്തനലാഭത്തിൽ അഞ്ചിരട്ടി വർധന. കഴിഞ്ഞ വർഷം അഞ്ചു കോടിയായിരുന്ന പ്രവർത്തന ലാഭം ഇത്തവണ 22 കോടിയിലേക്ക് കുതിച്ചു കയറി. കഴിഞ്ഞ വർഷമാണ് കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ചത്. യാത്രക്കാരുടെ എണ്ണത്തിലും വൻ വർധനയുണ്ടായതായി കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

2021-22 കാലയളവിൽ 31,229 പേരാണ് ഒരു ദിവസം മെട്രോ ഉപയോഗിച്ചിരുന്നതെങ്കിൽ 2023-24 ൽ അത് 88,292 പേരായി. ലക്ഷത്തിലധികം പേർ യാത്ര ചെയ്ത നിരവധി ദിവസങ്ങളും ഈ കാലയളവിൽ ഉണ്ടായി. മാസത്തിൽ 20 ദിവസമെങ്കിലും ലക്ഷത്തിലധികം പേർ യാത്ര ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.