പെരുമ്പാവൂര്‍: വല്ലം-കോടനാട് റോഡില്‍ ഒക്കല്‍, കൂവപ്പടി പഞ്ചായത്തുകളുടെ അതിര്‍ത്തിയായ കോട്ടപ്പാലത്ത് അനധികൃത മദ്യ വില്പന വ്യാപകമാകുന്നതായി ആക്ഷേപം. പെരുമ്പാവൂര്‍, കോടനാട് പൊലീസ് സ്റ്റേഷന് അതിര്‍ത്തിയാണിത്. 24 മണിക്കൂറും അവധി ദിവസങ്ങളിലും മദ്യം ലഭിക്കുമെന്നതിനാല്‍ നിരവധി പേരാണ് ഇവിടെ എത്തുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
കോട്ടപ്പാലം തോടിന്റെ ഇരുവശവുള്ള ഒഴിഞ്ഞ സ്ഥലങ്ങളും കെട്ടിടങ്ങളിലുമാണ് വില്പന. വിബറേജസ് ഔട്ലെറ്റില് നിന്ന് ലിറ്റര്‍ കണക്കിന് കൊണ്ടുവരുന്ന മദ്യം ചില്ലറയായി വില്‍ക്കുകയാണ് ചെയ്യുന്നത്. ബിവറേജസില്‍നിന്ന് വാങ്ങി സൂക്ഷിക്കുന്നതുകൊണ്ട് വില്പനക്ക് അവധിയില്ല. ഒക്കല്‍, ചേലാമറ്റം, കൂവപ്പടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പോലും ഇവിടെ ആളുകൾ മദ്യം വാങ്ങാനെത്തുന്നുണ്ട്. അവധി ദിവസങ്ങളില്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവരും എത്തുന്നു. മദ്യത്തോടൊപ്പം അച്ചാറും കൂട്ടുകറികളും വില്‍പ്പനയുണ്ട്.
ദിവസത്തില്‍ പലതവണ ബിവറേജസില്‍ പോയി മദ്യം വാങ്ങി എത്തിക്കുന്നവർ കച്ചവടക്കാര്ക്കൊപ്പമുണ്ട്. ബിവറേജസില്‍ നിന്ന് ഒരാള്‍ക്ക് മൂന്ന് ലിറ്ററില്‍ അധികം മദ്യം കൊടുക്കരുതെന്ന നിബന്ധ തെറ്റിച്ച് ഇവര്‍ക്ക് കൂടുതല്‍ കൊടുക്കുകയാണെന്നാണ് വിവരം. മദ്യ വില്പനക്കാര് പുലര്‍ച്ച മുതല്‍ പാലത്തിന്റെ ഇരുവശവും ഒഴിഞ്ഞ മൂലകളിലും തങ്ങുകയാണ് ചെയ്യുന്നത്.
മദ്യപാനികള്‍ തമ്മിലുളള ഏറ്റുമുട്ടലുകളും ബഹളവും ഇവിടെ പതിവാണ്. ചെറിയ കടകളും മത്സ്യ,മാംസ സ്റ്റാളുകളുമല്ലാതെ മറ്റ് വലിയ സ്ഥാപനങ്ങളും വീടുകളുമില്ലാത്തത് കച്ചവടക്കാര്‍ക്കും മദ്യപർക്കും സൗകര്യമാണ്. വിജനമായ പ്രദേശത്ത് രാത്രി ആവശ്യത്തിന് വെളിച്ച സംവിധാനമില്ലാത്തതും അനുകൂലമാണ്. പലപ്പോഴും പൊലീസിന്റെ പരിശോധനയെ തുടര്‍ന്ന് പലരും പിടിയിലാകാറുണ്ട്.
എന്നാല്‍, പിടിയിലാകുന്നവരില്‍ നിന്ന് കണക്കിലധികം മദ്യം കണ്ടുകിട്ടാത്തത് കേസില്‍ നിന്ന് തടിയൂരാൻ കാരണമാകുന്നു. ഒരു സ്ഥലത്ത് മാത്രം സൂക്ഷിക്കാത്തതുകൊണ്ട് മദ്യം കണ്ടെത്തുകയെന്നത് പൊലീസിന് എളുപ്പമല്ല. പെരുമ്പാവൂര്‍, കോടനാട് പൊലീസും എക്സൈസും സംയുക്തമായി ഈ ഭാഗങ്ങളില്‍ പരിശോധന ശക്തമാക്കി വില്പന അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
+ There are no comments
Add yours