ആലുവ: മാർത്താണ്ഡവർമ പാലത്തിൽ പുതിയ കൈവരികൾ സ്ഥാപിക്കുന്നതോടൊപ്പം ഉയരം കൂടിയ ഗ്രില്ലുകൾ സ്ഥാപിക്കണമെന്നും ആവശ്യം. എട്ട് പതിറ്റാണ്ടിലധികം പഴക്കമേറിയ പാലത്തിന്റെ ഫുട്പാത്ത് ഭാഗങ്ങളിലാണ് സംരക്ഷണ കൈവരികൾ സ്ഥാപിക്കുന്നത്.
കൈവരികൾ അഞ്ചുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇവ വീണ്ടും തകർന്ന് തുടങ്ങിയതോടെയാണ് ദേശീയ പാത അധികൃതർ ഇരുമ്പ് ഹാൻഡ് റെയിലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. 132 മീറ്റർ നീളമുള്ള പാലത്തിൽ മൂന്നുമീറ്റർ വീതം നീളമുള്ള ഹാൻഡ് റെയിലുകൾ പുറത്ത് നിർമിച്ച ശേഷം വെൽഡ് ചെയ്താണ് സ്ഥാപിക്കുന്നത്. ഇതിനായി പത്തോളം ജീവനക്കാരാണ് പണിയെടുക്കുന്നത്. ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി വിദേശ മാതൃകയിൽ പാലങ്ങളെ ദീപാലംകൃതമാക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ രണ്ട് പാലങ്ങളിൽ ഒന്നാണിത്. ഇതിനിടെ, പാലത്തിൽ നിന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കാൻ കൈവരിക്കൊപ്പം ഉയരം കൂടിയ ഇരുമ്പ് ഗ്രില്ലുകളും സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.