പറവൂർ: ചേന്ദമംഗലം കവലയിൽ സിഗ്നലിനു സമീപം ജീപ്പും കാറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനവും തകർന്നു. തിങ്കളാഴ്ച പുലർച്ച നാലിനാണ് അപകടം. കോഴിക്കോടുനിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോയ വാഹനം ചേന്ദമംഗലം കവലയിൽ എത്തിയപ്പോൾ പുല്ലംകുളം ഭാഗത്തുനിന്നുവന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇരുവാഹനത്തിലെയും യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികൾ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീട് നാട്ടിലേക്ക് മടങ്ങി.
സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. വീതിയില്ലാത്ത ചെറിയ കവലയായ ഇവിടെ പലപ്പോഴും സിഗ്നൽ സംവിധാനം തകരാറിലാണ്. രാത്രി നാലുവശത്തേക്കുള്ള സിഗ്നലിലും ചുവന്ന ലൈറ്റ് തെളിഞ്ഞ് കിടക്കും. നാലു ഭാഗത്തുനിന്നും വാഹനങ്ങൾ കവലയിൽ എത്തി പകച്ചുനിൽക്കുകയും ഹോൺ മുഴക്കുകയും ചെയ്യുന്നതിനാൽ രാത്രി ഈ ഭാഗത്ത് ഉണ്ടാകുന്നവർ തന്നെ സിഗ്നൽ ഓഫ് ചെയ്യും.
പൊതുജനങ്ങൾക്ക് കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് സ്വിച്ച് സ്ഥാപിച്ചിരിക്കുന്നത്. സിഗ്നൽ ഇല്ലാത്തപ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഇതു കവലയാണെണ് തിരിച്ചറിയാൻ കഴിയില്ല. വ്യക്തമായാൽ തന്നെ വേഗം കുറക്കാതെ ഓടിച്ചുപോകുന്നവരുമുണ്ട്. ചേന്ദമംഗലം കവലയിൽനിന്ന് ചേന്ദമംഗലത്തേക്ക് പോകുന്ന ദിശയിൽ പച്ചലൈറ്റും തെളിയുന്നില്ല.