കൊച്ചി: കായിക കേരളത്തിന്റെ കൗമാര വർണങ്ങൾ നിറഞ്ഞാടിയ സായംസന്ധ്യയിൽ സംസ്ഥാന കായികമേളക്ക് തുടക്കം. മെട്രോ നഗരിക്ക് പുത്തനനുഭവം തീർത്ത് വർണോജ്ജ്വല പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയത്. വിവിധ സ്കൂളുകളിൽനിന്ന് എത്തിയ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അടക്കം ആയിരങ്ങളാണ് ഉദ്ഘാടനത്തിന് സാക്ഷിയായി മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലേക്കെത്തിയത്. ഒപ്പം വിവിധ ജില്ലകളുടെ പ്രാതിനിധ്യം കൂടിയായതോടെ ഉദ്ഘാടനവേദി വർണക്കടലായി.
ആവേശം വിതറി മാർച്ച് പാസ്റ്റ്
ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന വിവിധ ജില്ലകളുടെ മാർച്ച് പാസ്റ്റുകൾ ആവേശോജ്ജ്വലമായി. ഓരോ ജില്ലയും അവരുടെ പതാകക്ക് കീഴിൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ അടിവെച്ചതോടെ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. അക്ഷരമാലക്രമം അനുസരിച്ചാണ് ജില്ലകൾ അണിനിരന്നത്. ആദ്യം ആലപ്പുഴയും പിന്നാലെ ഇടുക്കിയും കണ്ണൂരും ക്രമത്തിൽ അണിചേർന്നു.
ഏറ്റവും ഒടുവിലായാണ് എറണാകുളം അണിനിരന്നത്. ആദ്യമായി മേളക്കെത്തിയ ഭിന്നശേഷി വിദ്യാർഥികളുടെ സാന്നിധ്യവും മാർച്ച് പാസ്റ്റിനെ ശ്രദ്ധേയമാക്കി. ഗൾഫിലെ സ്കൂളുകളിൽനിന്ന് ആദ്യമായെത്തിയ വിദ്യാർഥികളും മാർച്ച് പാസ്റ്റിൽ അണിചേർന്നു.
മഴഭീതി; നീളാതെ ഉദ്ഘാടനം
മാർച്ച് പാസ്റ്റ് അവസാനിക്കുമ്പോഴേക്കും മഴ പെയ്തു പെയ്തിെല്ലന്ന മട്ടിൽ അന്തരീക്ഷത്തിൽ മേഘങ്ങൾ ഉരുണ്ടുകൂടി. ഇതോടെ ഉദ്ഘാടനവും ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, നടൻ മമ്മൂട്ടി, ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് അടക്കമുള്ള വിശിഷ്ടാതിഥികളും ജനപ്രതിനിധികളും വേദിയിലുണ്ടായി. എന്നാൽ, സാഹചര്യം മനസ്സിലാക്കി ആരും നീട്ടി പ്രസംഗിച്ചില്ല. അതോടെ ഉദ്ഘാടനച്ചടങ്ങുകൾ വേഗത്തിൽ അവസാനിച്ചു. പതിവുപോലെ നടൻ മമ്മൂട്ടിക്ക് സദസ്സിന്റെ നീണ്ട കരഘോഷവും ലഭിച്ചു. സാംസ്കാരിക പരിപാടി അവസാനത്തിലേക്കെത്തിയതോടെ മഴയുമെത്തി.
നിറഞ്ഞാടി പാപ്പാഞ്ഞിയും സുന്ദരിമാരും
ഉദ്ഘാടനച്ചടങ്ങിനുശേഷം നടന്ന സാംസ്കാരിക പരിപാടികൾ ജനമനസ്സുകൾ കീഴടക്കി. കൊച്ചിയുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കൊച്ചിൻ കാർണിവൽ, തൃപ്പൂണിത്തുറ അത്തച്ചമയം, കഥകളി, തിരുവാതിര, ഒപ്പന, ദഫ്മുട്ട്, കോൽക്കളി, ചവിട്ടുനാടകം, മോഹിനിയാട്ടം അടക്കമുള്ള കലാപരിപാടികളാണ് സ്റ്റേഡിയത്തെ ഇളക്കിമറിച്ചത്.
ഇതിന് മുന്നോടിയായി നഗരത്തിലെ വിദ്യാലയങ്ങളിൽനിന്നുള്ള നാലായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത മാസ്ഡ്രിൽ, 1000 പേർ വീതം അണിനിരന്ന സൂംബയും ഫ്രീ ഹാൻഡ് എക്സർസൈസും അരങ്ങേറി. എറണാകുളം, ആലുവ നഗരങ്ങളിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികളാണ് കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുത്തത്.
വർണവിസ്മയം തീർത്ത് മിനിപൂരം
സ്റ്റേഡിയത്തിൽ വിദ്യാർഥി പ്രതിഭകൾ സംസ്കാരിക പരിപാടികളുമായി നിറഞ്ഞാടവേ തെക്കുഭാഗത്ത് മിനിപൂരം ആരംഭിച്ചു. മണ്ണിൽ കൗമാര പ്രതിഭകൾ വർണവിസ്മയം തീർക്കുന്ന വേളയിൽതന്നെ മാനത്ത് വെടിക്കെട്ടിന്റെ രൂപത്തിൽ വർണങ്ങൾ വാരിവിതറി. ഇതോടെ കാണികൾ ആവേശത്തിലാറാടി. അരമണിക്കൂറോളം നീണ്ട വെടിക്കെട്ട് സാസ്കാരിക പരിപാടിക്കൊപ്പമാണ് അവസാനിച്ചത്.
ആരോഗ്യം ഉറപ്പ്…
കായിക മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ വേദികളിലേക്കും മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഓഡിനേറ്റർമാരുടെ സംഘം പ്രവർത്തിക്കും. എല്ലാ വേദികളിലും ആംബുലൻസ് സംവിധാനം ഏർപ്പെടുത്തും. പരിക്കേൽക്കുന്ന കായികതാരങ്ങൾക്ക് സുരക്ഷ ഒരുക്കാൻ ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാക്കും.
അവർക്കായി കട്ടിൽ, ബെഡ്, സ്ട്രച്ചർ, വീൽചെയർ എന്നിവ സജ്ജമാക്കും. അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി സേവനം ഉറപ്പാക്കി ഫിസിയോ തെറാപ്പിസ്റ്റുകളുടെയും സ്പോർട്സ് ആയുർവേദയുടെയും ടീം സുരക്ഷക്കായി പ്രവർത്തിക്കും. കെ.എസ്.ഇ.ബി, ജല അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാകും. കുട്ടികളുടെ താമസം, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ മികച്ച നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്.
എല്ലാം ഹരിതമയം…
മേളയുടെ വിവിധ വേദികളിൽ ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കാൻ പ്രധാനാധ്യാപകർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. എൻ.എസ്.എസ് വളന്റിയർമാർ ഉൾപ്പെടെ 14 പേർ ഓരോ വേദിയിലുമുണ്ടാകും. ഓരോ വേദിയിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിതകർമ സേനയുടെ സേവനവുമുണ്ട്. ഗ്രീൻ പ്രോട്ടോകോൾ ബോർഡുകൾ എല്ലാ വേദികളിലും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്ന് ഓർമിപ്പിക്കുന്ന ശബ്ദസന്ദേശവും ഇടക്കിടെയുണ്ടാകും.