വൈപ്പിൻ: ജലോപരിതലത്തിൽ തിങ്ങി നിറഞ്ഞ പായലിലൂടെ വള്ളം തുഴയാൻ കഴിയാതെയും വലയിടാൻ കഴിയാതെയും മത്സ്യത്തൊഴിലാളികൾ.
പലയിടത്തും വലവീശാനും നീട്ടാനും കഴിയുന്നില്ല. വല വീശിയാൽ ലഭിക്കുന്നത് പായലാണ്. ചീന വലകളിലും വലിയ തോതിലാണ് പായൽ വന്നടിയുന്നത്. പായൽ കുടുങ്ങുന്നതോടെ വലകൾ നശിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു. ആഴ്ചകളായി പലയിടത്തും ചീന വലകൾ ഉയർത്തിവെച്ചിരിക്കുകയാണ്. വലിയ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
പായൽ ശല്യത്തെ തുടർന്ന് മത്സ്യക്ഷാമവും രൂക്ഷമായി. പുഴയിൽ അടുത്തിടെയായി ചെമ്മീൻ സാന്നിധ്യം ദൃശ്യമായിരുന്നെങ്കിലും പായൽ ശല്യം മൂലം പിടിച്ചെടുക്കാൻ കഴിയുന്നില്ല. പ്രാദേശിക വിപണിയിൽ മീൻ ക്ഷാമം കൂടുതൽ രൂക്ഷമായി. കടൽ മീനും കാര്യമായി എത്തുന്നില്ല. പായലിനു മുമ്പ് കരിമീൻ നല്ല രീതിയിൽ ലഭിച്ചിരുന്നു.
ഇപ്പോൾ തീരെ ഇല്ലാതായി. മഴ തുടർന്നാൽ പായൽ ശല്യം ഇനിയും നീളും. വെള്ളത്തിൽ ലവണാംശം വർധിച്ചാൽ മാത്രമേ ഇത് ചീഞ്ഞു തുടങ്ങൂ. ചീഞ്ഞു തുടങ്ങിയാലും ഒന്നരമാസത്തോളം ഇതിന്റെ കെടുതി നിലനിൽക്കും.
പായലുകൾ യന്ത്ര സഹായത്തോടെ പുഴകളിൽ നിന്നും തോടുകളിൽ നിന്നും വാരി മാറ്റാൻ കഴിയുന്ന സംവിധാനമാണ് ആവശ്യം. മുൻ കാലങ്ങളിൽ ആലപ്പുഴയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് വിജയിക്കുകയും പായലിൽ നിന്ന് മൂല്യ വർധിത ഉത്പ്പന്നങ്ങൾ നിർമിക്കാൻ സാധിക്കുമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ആ സാധ്യത കൂടി ആരായണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.