കൊച്ചി: കന്യാകുമാരി-ബംഗളൂരു ഐലൻഡ് എക്സ്പ്രസ് എറണാകുളം ഔട്ടറിൽ അധികസമയം പിടിച്ചിടുന്നതിലൂടെയുള്ള യാത്രക്കാരുടെ ദുരിതത്തിന് ഇനിയും പരിഹാരമായില്ല. പാതിവഴിയിലിറങ്ങി മറ്റ് ഗതാഗത മാർഗം തേടേണ്ട ഗതികേടിലാണ് ജനം. ഇതിലൂടെ സ്ഥിരം യാത്രക്കാർക്ക് അധിക ചെലവാണ് ഉണ്ടാകുന്നത്. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിന് മുമ്പാണ് ട്രെയിൻ അരമണിക്കൂറോളം ഔട്ടറിൽ പിടിച്ചിടുന്നത്.
രാവിലെ 10.10ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് കോട്ടയം വഴി എറണാകുളം നോർത്തിലെത്തി ബംഗളുരുവിലേക്ക് യാത്ര തുടരുന്ന ട്രെയിനാണ് ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസ്(16525). വൈകീട്ട് 4.55നാണ് ട്രെയിൻ തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്നത്. എന്നാൽ എറണാകുളം ടൗണിൽ പ്രവേശിക്കുന്നതിനുള്ള സമയം അനുവദിച്ചിരിക്കുന്നത് 5.42നാണ്. വെറും 20 മിനിറ്റുകൊണ്ട് ഈ ദൂരം പിന്നിടാമെന്നിരിക്കെയാണ് 47 മിനിറ്റോളം എടുക്കുന്നത്. ഈ സമയം ക്രമീകരിക്കാൻ നോർത്ത് സ്റ്റേഷന് മുമ്പ് ഔട്ടറിൽ അരമണിക്കൂറോളം പിടിച്ചിടുകയാണ്. ചില ദിവസങ്ങളിൽ ഇത് ഒരു മണിക്കൂറോളം നീളുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു. 5.40ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് ടൗണിലെത്തി 5.50ന് അവിടെ നിന്ന് യാത്ര തുടരുന്ന എറണാകുളം-ഷൊർണൂർ മെമു കടന്നുപോയ ശേഷമാണ് ഐലൻഡിന് സിഗ്നൽ ലഭിക്കുന്നത്. പിന്നീട് ഈ ട്രെയിന് പിന്നിൽ ഷൊർണൂർ വരെ പതിയെപ്പതിയെയാണ് എക്സ്പ്രസ് ട്രെയിനായ ഐലൻഡ് നീങ്ങുന്നത്.
പലരും ഇതോടെ ഔട്ടറിൽ ഇറങ്ങി ട്രാക്കിലൂടെ ജങ്ഷനുകളിലേക്ക് പോയി അവിടെ നിന്ന് മറ്റ് വാഹനങ്ങൾ പിടിച്ച് എറണാകുളം ടൗൺ സ്റ്റേഷനിലെത്താൻ ശ്രമിക്കുകയാണ്. ഇങ്ങനെ എത്തിയാൽ മറ്റ് ഏതെങ്കിലും ട്രെയിനിൽ കയറി തൃശൂർ ഭാഗത്തേക്ക് യാത്ര തുടരാനാകും. എന്നാൽ ഇത് സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടുന്ന യാത്രക്കാർക്ക് വലിയ പ്രയാസമുണ്ടാക്കുന്നു. പലർക്കും തൃപ്പൂണിത്തുറയിൽ ഇറങ്ങി മെട്രോ ആശ്രയിച്ച് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ടി വരുന്നു. ഇതെല്ലാം അധിക സാമ്പത്തിക ചെലവും വരുത്തിവെക്കുന്നു. ജനത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനത്തിൽ നിന്ന് റെയിൽവേ പിന്തിരിയണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.