മൂവാറ്റുപുഴ: പ്രകൃതിഭംഗി ആസ്വദിച്ച്, കുളിർക്കാറ്റുമേറ്റ് സായാഹ്നങ്ങൾ ചെലവഴിക്കാൻ മണിയന്ത്രം മുടിയിലേക്ക് പോയാലോ. രസതന്ത്രം പാറയിലൂടെയുള്ള നടത്തത്തിനുപുറമെ മലനിരകൾക്കിടയിലൂടെ തുള്ളിച്ചാടിയൊഴുകുന്ന ചെറിയ അരുവിയും തൊടുപുഴ നഗരത്തിന്റെ ദൂരക്കാഴ്ചയുമൊക്കെ കണ്ട് അപൂർവ പക്ഷികളുടെ കലപില ശബ്ദവും ആസ്വദിച്ച് കുറേനേരം ഇരിക്കാൻ മണിയന്ത്രംമുടി സഞ്ചാരികളെ വിളിക്കുകയാണ്.
ജില്ലയുടെ കിഴക്കേ അറ്റത്ത് ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന മഞ്ചള്ളൂർ പഞ്ചായത്തിലെ മണിയന്ത്രംമുടിയിലേക്ക് നിരവധിപേരാണ് എത്തുന്നത്. ‘രസതന്ത്രം’ സിനിമയിലൂടെ പ്രശസ്തമായ രസതന്ത്രം പാറയുടെ മുകളിൽ കയറാനും മലമുകളിലെ ഇളങ്കാറ്റും കുളിരും ആസ്വദിക്കാനുമാണ് സഞ്ചാരികൾ എത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൈനാപ്പിൾ വിപണിയായ വാഴക്കുളവും മണിയന്ത്രംമുടിയും മഞ്ചള്ളൂർ പഞ്ചായത്തിലാണ്. എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് മണിയന്ത്രംമുടി.
മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ കദളിക്കാട് മണിയന്ത്രം കവലയിൽനിന്ന് ഇടത്തോട്ട് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചും ഇതേ റൂട്ടിൽ മടക്കത്താനത്തുനിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചും മണിയന്ത്രംമുടിയിലെത്താം. കൂടാതെ, തൊടുപുഴ-ഊ ന്നുകൽ റോഡിൽ പാലക്കുഴി ജങ്ഷനിൽനിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാലും മുടിയിലെത്താം. മൂന്ന് സ്ഥലത്തുനിന്നും മലയിലേക്ക് കയറുമ്പോൾതന്നെ കാഴ്ചകളാരംഭിക്കുകയായി. മലയുടെ മുടിയിലേക്ക് നടന്നുതന്നെ കയറണം.
ഇതിനിടയിൽ മലയിൽനിന്നും താഴേക്കൊഴുകുന്ന അരുവി കാണാം. അപൂർവയിനം ഔഷധച്ചെടികൾ, പൂക്കൾ, പക്ഷികൾ എന്നിവ ആകർഷണീയ കാഴ്ചകളാണ്. മലയുടെ മുകളിൽനിന്ന് നോക്കിയാൽ എറണാകുളം ജില്ലയുടെ പ്രധാന ഭാഗങ്ങൾ കാണാനാകും. രസതന്ത്രം, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സിനിമകളുടെയും നിരവധി സീരിയലുകളുടെയും ഷൂട്ടിങ് ഇവിടെ നടന്നിരുന്നു. ‘രസതന്ത്രം’ സിനിമാ ഷൂട്ടിങ് കഴിഞ്ഞശേഷമാണ് ഇവിടത്തെ വിശാലമായ പാറക്ക് രസതന്ത്രം പാറ എന്ന പേരുകിട്ടിയത്.
സന്ദർശകരുടെ പ്രവാഹം ഏറിയതോടെ പഞ്ചായത്ത് ടൂറിസം പദ്ധതി തയാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വ്യൂ പോയൻറിൽ കൈവരികൾ, ഇരിപ്പിടങ്ങൾ, വർണവിളക്കുകൾ തുടങ്ങി ബൃഹത്തായ പദ്ധതിയാണ് സമർപ്പിച്ചിരിക്കുന്നത്.