കൊച്ചി: കേരളത്തിൽ ഗാർഹിക സൗരോർജ പദ്ധതികൾ വ്യാപിപ്പിക്കുന്നതിന് സൗരോർജ രംഗത്തെ പ്രമുഖ സ്ഥാപനമായ ‘മൂപ്പൻസ് സോളാർ’ ധനകാര്യസ്ഥാപനമായ ചോയ്സ് ഫിനാൻസുമായി (സി.എഫ്.പി.എൽ) പങ്കാളിത്തം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സൂര്യ ഘർ റെസിഡൻഷ്യൽ പ്രോജക്ടുകൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കി സൗരോർജ വൈദ്യുതി പദ്ധതികൾ കേരളത്തിൽ വ്യാപകമാക്കാൻ ലക്ഷ്യമിട്ടാണ് പങ്കാളിത്തം. കേരളത്തിൽ ആദ്യമായാണ് സൗരോർജ പദ്ധതികൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കുന്നത്.
ഇന്ത്യയിൽ ഒരുകോടി വീടുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ 2024 ഫെബ്രുവരിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് പി.എം സൂര്യഘർ മുഫ്ത് ബിജിലി യോജന. ഒന്നരക്കോടിയോളം വീടുകളുള്ള കേരളത്തിൽ ഇതുവരെ രണ്ടുലക്ഷത്തിൽ താഴെ വീടുകളിൽ മാത്രമാണ് സോളാർ സ്ഥാപിച്ചിട്ടുള്ളത്. 10 ലക്ഷത്തോളം വീടുകളിലെങ്കിലും കുറഞ്ഞ സമയത്തിനകം സോളാർ സ്ഥാപിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. ഏകദേശം 500 കോടി രൂപ മുതൽമുടക്ക് വരുന്നതാണ് ഈ പദ്ധതിയെന്ന് പി.എം സൂര്യ ഘർ പദ്ധതി കേരളത്തിൽ നടപ്പാക്കുന്ന കെ.എസ്.ഇ.ബി സ്റ്റേറ്റ് നോഡൽ ഓഫിസർ നൗഷാദ് പറഞ്ഞു.
ഉപഭോക്താക്കൾക്ക് അവരുടെ സൗകര്യം അനുസരിച്ച് 12 മാസംകൊണ്ട് വായ്പ തിരിച്ചടക്കുന്ന രീതിയിൽ ക്രമീകരിക്കാൻ കഴിയും എന്നതാണ് പദ്ധതിയുടെ മറ്റൊരു ആകർഷണീയത. ൂപ്പൻസ് സോളാർ 2012ലാണ് ആരംഭിച്ചത്. മികച്ച സോളാർ ഇ.പി.സി കമ്പനിക്കുള്ള കേരള സർക്കാറിന്റെ പുരസ്കാരം ലഭിച്ച കമ്പനി കൂടിയാണ് മൂപ്പൻസ്. ആഗോളതലത്തിൽ 2024ലെ മികച്ച സോളാർ ഇ.പി.സി കമ്പനിക്കുള്ള അവാർഡും മൂപ്പൻസിന് ലഭിച്ചിരുന്നു. മൂപ്പൻസ് സോളാറിനെ 2024ലെ ഇന്ത്യയിലെ എമർജിങ് സോളാർ ബ്രാൻഡായി അംഗീകരിച്ചിട്ടുമുണ്ട്. 5045 റെസിഡൻഷ്യൽ പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കാനും മൂപ്പൻസിന് കഴിഞ്ഞിട്ടുണ്ട്.