മൂവാറ്റുപുഴ: വാളകം കവലയിൽ പ്രവർത്തിച്ചു വന്ന മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടി കോൺഗ്രസ് സമരം. മാലിന്യ സംസ്കരണം പാളി സമീപവാസികളായ ജനങ്ങൾക്ക് ബുദ്ധിമുട്ട് കൂടിയതോടെയാണ് കോൺഗ്രസ് സമരത്തിനിറങ്ങിയത്.
സമീപ പഞ്ചായത്തുകളിലെ അടക്കം പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കുന്നതിനാണ് സ്വകാര്യകമ്പനിക്ക് വാളകം പഞ്ചായത്ത് അനുമതി നൽകിയത്. എന്നാൽ പഞ്ചായത്തിന്റെ അനുമതി മറയാക്കി സ്ഥാപന ഉടമകൾ ഹോട്ടൽ മാലിന്യം ഉൾപ്പെടെയുള്ളവ ശേഖരിച്ചതോടെയാണ് പ്രദേശവാസികൾ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതികരിച്ചു തുടങ്ങിയത്. ഇതേ തുടർന്ന് കഴിഞ്ഞ മാർച്ച് 31ന് പ്രവർത്തനം അവസാനിപ്പിക്കാൻ വാളകം ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണ കേന്ദ്രത്തിന് നോട്ടീസ് നൽകി. മാലിന്യ നിയന്ത്രണ ബോർഡിന് പഞ്ചായത്ത് പരാതിയും നൽകി.
മാലിന്യ നിയന്ത്രണ ബോർഡ് അധികൃതർ കേന്ദ്രത്തിൽ എത്തി പരിശോധന നടത്തി കമ്പോസ്റ്റ് ചാക്കുകളും ദുർഗന്ധം വമിക്കുന്ന മറ്റു മാലിന്യങ്ങളും ശേഖരിച്ച് പ്രദേശവാസികൾക്ക് പ്രശ്നം ഉണ്ടാക്കരുതെന്ന് നിർദ്ദേശം നൽകി.
എന്നാൽ ഇത് അവഗണിച്ച് സ്ഥാപനം വീണ്ടും പരിസരവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതിനെ തുടർന്നാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചൊവ്വാഴ്ച സമരം സംഘടിപ്പിച്ചത്. തുടർന്ന കമ്പനി താഴിട്ടു പൂട്ടുകയായിരുന്നു.
കെ.പി.സി.സി. സെക്രട്ടറി അഡ്വ. കെ.എം. സലിം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്രഹാം, വൈസ് പ്രസിഡന്റ് മോൾസി എൽദോസ്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിനോ കെ. ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാറാമ്മ ജോൺ, രമ രാമകൃഷ്ണൻ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലിസി എൽദോസ് തുടങ്ങിയവർ സംസാരിച്ചു.